തൃശൂർ > തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മറവിൽ ബിജെപി ഇറക്കിയ കുഴൽപണം കവർച്ച ചെയ്ത കേസിൽ, പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ധർമ്മരാജൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി.
ഈ മാസം 30 നാണ് ഹർജി വീണ്ടും പരിഗണിക്കുക. കേസിൽ പൊലിസ് സമർപ്പിച്ച പ്രധാന രേഖകളുടെ പകർപ്പ് ധർമരാജൻ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രധാന രേഖകൾ നൽകരുതെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. നിയമാനുസൃതം നൽകാവുന്ന രേഖകൾക്ക് അപേക്ഷിക്കാൻ കോടതി നിർദേശിച്ചു.കൂടുതൽ സമയം ധർമ്മരാജൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാലാണ് ഹർജി 30ലേക്ക് മാറ്റിയത്.
ബിജെപി.യുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ തട്ടിയെടുത്ത സംഭവത്തിൽ പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് . ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയെ ധർമരാജൻ സമീപിച്ചത്.
ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഹർജിയിൽ പറഞ്ഞെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതിനു മുൻപ് പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന അസൽ രേഖകൾ ഹജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും രേഖകൾ ഹാജറാക്കിയിട്ടില്ല. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുവന്ന പണമാണ് കവർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമ്മരാജൻ കമ്മീഷൻ അടിസ്ഥാനത്തിൽ പണമെത്തിക്കുന്ന ക്യാരിയർ മാത്രമാണെന്നും. ബിജെപി സംസ്ഥാന സഘടനാ സെക്രട്ടറി ഗണേഷും ഓഫീസ് സെക്രട്ടറി ഗിരീഷും ആവശ്യപ്പെട്ടതു പ്രകാരമാണ് പണം എത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമരാജൻ കുഴൽപണ ഇടപാടുകാരനാണെന്നും പണം വിട്ടുകൊടുക്കരുതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.