തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതിയ നേതൃത്വത്തിന് കീഴിൽ വലിയ അഴിച്ചുപണിക്കൊരുങ്ങി കെപിസിസി. പാർട്ടിയിൽ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നുചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തത്വത്തിൽ ധാരണയായി. ഇക്കാര്യത്തിൽ നേതാക്കളെല്ലാം ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും നിർവാഹക സമിതി അംഗങ്ങളും അടക്കം 51 അംഗ കമ്മിറ്റി മതിയെന്ന് യോഗത്തിൽ കെ സുധാകരൻ പറഞ്ഞു. ഭാരവാഹികൾ ഇതിൽ കൂടാൻ പാടില്ല. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് മെരിറ്റ് അടിസ്ഥാനത്തിലാകുമെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കെ മുരളീധരൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഇന്നു രാവിലെ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ മുരളീധരന് ക്ഷണമുണ്ടായിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം വൈകീട്ട് ചേർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ.
എംഎൽഎമാരും എംപിമാരും ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഒരാൾക്ക് ഒരു പദവി എന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് വിഎം സുധീരൻ, പിജെ കുര്യൻ, കെവി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
content highlights: Sudhakaran says no jumbo committee in the party