തിരുവനന്തപുരം:ടിപിആർ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പുള്ളതിന് സമാനമായ രീതിയിൽ ക്രമീകരിക്കാമെന്ന് ബോർഡ് നിർദേശം നൽകി. ഒരേ സമയം 15 പേരിൽ കൂടുതൽ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻപാടില്ല.അന്നദാനം അനുവദിക്കരുതെന്നും നിർദേശമുണ്ട്.
പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ പാടില്ല. ദർശനത്തിനെത്തുന്നവർ മാസ്ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ശ്രീകോവിലിൽ നിന്നു ശാന്തിക്കാർ ഭക്തർക്ക്നേരിട്ട് പ്രസാദം വിതരണം ചെയ്യാൻ പാടില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നിർദേശം നൽകി.
ബലിതർപ്പണ ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്കും അനുമതിയില്ല.
content highlights:travancore devaswom board directions to temples