പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഡെൽറ്റ പ്ലസ്സ്ഥിരീകരിച്ചമേഖലകളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന കേന്ദ്ര നിർദേശം പാലിച്ചാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ഇതിനോടകം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിൽ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്ക്കും. അവശ്യ സേവനങ്ങളിൽ ഉൾപ്പെടുന്ന കടകൾക്ക് മാത്രമേ തുറുന്നുപ്രവർത്തിക്കാൻ അനുമതി നൽകു. പഞ്ചായത്തിൽഅത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കു. നിലവിൽ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 26.5 ശതമാനമാണ്.
ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ 67 പേർക്ക് നടത്തിയ പരിശോധയിൽ ആരുടെയും ഫലം പോസിറ്റീവായിരുന്നില്ല. പ്രതിരോധ നടപടികൾ കർശനമാക്കുന്നതിനൊപ്പം മേഖലയിലെ പരമാവധി ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടികൾക്കും ജില്ലാഭരണകൂടം മുൻഗണന നൽകുന്നുണ്ട്.
content highlights:triple lock down announced in kadapra panchayath