തിരുവനന്തപുരം: കൊല്ലത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കെ.കെ. ശൈലജ എം.എൽ.എ. സന്ദർശിച്ചു.
വിസ്മയയുടെ മരണത്തിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ശൈലജ മാധ്യമങ്ങളോടു പ്രതികരിച്ചു. പണത്തോടും സുഖലോലുപതയോടും ആർത്തിയുള്ള വലിയ വിഭാഗം കേരളത്തിലുണ്ട്. ഓരോ വ്യക്തിയും ഇത്തരം ഉപഭോഗ താൽപര്യത്തിന് എതിരായ പ്രചാരണത്തിൽ പങ്കുചേരണം. സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഒരോരുത്തരും തീരുമാനിക്കണമെന്നും അവർ പറഞ്ഞു.
സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നെന്ന് സന്ദർശനത്തിനു ശേഷം ഫെയ്സ്ബുക്ക് കുറിപ്പിൽ ശൈലജ വ്യക്തമാക്കി. സർക്കാർ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും അവർ പറഞ്ഞു.
കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയക്ക് ഭർത്താവിൽ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
content highlights: kk sailaja mla visits vismayas house