കൊല്ലം: കിരൺ ജനുവരിൽ തങ്ങളുടെ വീട്ടിൽനടത്തിയ ആക്രമണത്തിൽ രജിസ്റ്റർ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്ന് മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമനും ബന്ധുക്കളും ആവശ്യപ്പെട്ടു.
മരണത്തെപ്പറ്റി അന്വേഷിക്കാൻ ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി വീട്ടിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും പിതാവ് പറഞ്ഞു.
അതേ സമയം കിരൺ അവന്റെ സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കൂടുതൽ അക്രമം നടത്താറുള്ളതെന്ന് സുഹൃത്തുക്കളിൽ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനത്തിൽ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ജനുവരി രണ്ടിന് തന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള കിരണിനെതിരായ കേസ് പുനഃരന്വേഷിക്കണം. ആ ആവശ്യം ഹർഷിതഅട്ടല്ലൂരിയുടെ മുന്നിൽ ഉന്നയിക്കും. അന്ന് ആ കേസ് ഒത്തുതീർപ്പാക്കിയത് സിഐ ആണ്. കേസ് ഒത്തുതീർപ്പാക്കുന്നുണ്ടെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് അവനിൽ നിന്ന് എഴുതി ഒപ്പിടിച്ച് വാങ്ങിക്കുമെന്ന് സിഐ പറഞ്ഞിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. സർക്കാരും മാധ്യമങ്ങളും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
കിരണിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു മോട്ടാർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ മുകേഷ്അന്ന് വീട്ടിൽ വന്ന് കേസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു പ്രശ്നവും അവൻ ഉണ്ടാക്കില്ലെന്ന് ആ ഉദ്യോഗസ്ഥൻ ഞങ്ങളോട് അപേക്ഷിച്ചതാണ്. അതിന് ശേഷമാണ് എന്റെ കൊച്ച് കൊല്ലപ്പെട്ടത്. അനെതിരെയും കേസെടുക്കണം വിസ്മയയുടെ പിതാവ് ത്രിവിക്രമൻ പറഞ്ഞു.
വീട്ടിലെ അക്രമത്തിന് ശേഷം ശരത്ലാൽ എന്ന എസ്ഐയെ മർദിച്ചിട്ട് പോലും കേസെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നതിന് പിന്നിൽ എന്ത് ഇടപെടലാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.