തിരൂർ> ജൻമം നൽകിയ കുഞ്ഞിനെ കാണാൻ അമ്മയ്ക്ക് സ്നേഹവണ്ടിയൊരുക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. ഹൃദയ ശസ്ത്രക്രിയക്ക് എറണാകുളത്തെ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെയടുത്തെത്താൻ വാഹനം വിളിക്കാൻ സാമ്പത്തികം പ്രശ്നമായ നിർധന യുവതിക്കാണ് ചെറിയമുണ്ടം ഡിവൈഎഫ്ഐ പ്രവർത്തകർ കരുതലൊരുക്കിയത്.
കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി മുനീറിനെ വിളിച്ച് മാഹന എന്ന യുവതി സഹായം തേടിയത്. ഏഴുദിവസം മുമ്പാണ് മാഹന കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമായതിനാൽ ശസ്ത്രക്രിയ നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് സർക്കാർ സഹായത്തോടെ എറണാകുളം അമൃതാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ വാർഡിലേക്ക് മാറ്റുമ്പോൾ എറണാകുളത്തെത്തണം. എന്നാൽ പണമില്ലാത്തതിനെ തുടർന്ന് യാത്ര പ്രതിസന്ധിയിലാണെന്നും യുവതി പറഞ്ഞു. ഇതുകേട്ട മുനീർ വഴിയുണ്ടാക്കാം എന്ന് മറുപടി പറഞ്ഞു അവരെ ആശ്വസിപ്പിച്ചു. പിന്നീട് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റി അംഗവും തലക്കടത്തൂർ മേഖലാ സെക്രട്ടറിയുമായ സൈനുൽ ആബിദ് പന്തോളിനെ വിളിച്ച് വിവരം പറയുകയും ആബിദും ഡിവൈഎഫ്ഐ തലക്കടത്തൂർ മേഖലാ പ്രസിഡന്റ് സജീബ് മണാട്ടിലും കൂടി ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.
അമ്മയുമായി പുലർച്ചെ നാലിന് പുറപ്പെട്ട സ്നേഹവണ്ടി ഏഴോടെ അവിടെയെത്തി. എന്നാൽ മഹാനയുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവായതിനാൽ കുഞ്ഞിന്റെ അരികിൽ നിൽക്കാൻ കഴിയാതെ അവർ തിരിച്ചുവന്നു.