തിരുവനന്തപുരം
കെപിസിസി, ഡിസിസി പുനഃസംഘടനയുടെ മാനദണ്ഡം നിശ്ചയിക്കാൻ രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച യോഗം ചേരുമ്പോൾ കെ സുധാകരൻ സ്വീകരിക്കുക ‘കഴിവ്’ വാദമുയർത്തിയുള്ള വെട്ടിനിരത്തൽ തന്ത്രം. കഴിവും അർഹതയുമുള്ളവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരണമെന്ന് വാദിച്ച് പലരെയും പുറത്താക്കാനുള്ള നീക്കമായിരിക്കും നടത്തുക. ഗ്രൂപ്പ് മാനേജർമാരുടെ പട്ടിക അംഗീകരിക്കാനിടയില്ല.
ഡിസിസി പ്രസിഡന്റുമാരെല്ലാം തെറിക്കും. എംപിമാർ അടക്കമുള്ള ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തും. ഒരാൾക്ക് ഒരു പദവി നിർദേശം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റുമാർ എന്നിവരുമായി കൂടിയാലോചിച്ച് മാനദണ്ഡത്തിന് രൂപം നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇത് സുധാകരൻ അംഗീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രാഹുലുമായും കെ സി വേണുഗോപാലുമായും പുനഃസംഘടനാ ചർച്ച നടത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ബുധനാഴ്ച രാത്രി ഡൽഹിയിൽ എത്തി രാഹുലിനെ കാണും.
ഗ്രൂപ്പ് വികാരം നിരാകരിച്ചാണ് സതീശനുള്ളത്. സുധാകരനും ഗ്രൂപ്പിനു പുറത്ത് ചാടി. ഐ ഗ്രൂപ്പിലായിരുന്ന ഇരുവരും ഇപ്പോൾ ചെന്നിത്തലയ്ക്ക് ഒപ്പമില്ല. വേണുഗോപാൽ, സതീശൻ, സുധാകരൻ ത്രയമാണ് നിയന്ത്രണം. വേണുഗോപാൽ വരച്ചിട്ട കളത്തിനകത്താണ് കാര്യങ്ങൾ. പുനഃസംഘടനയിൽ സഹകരിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. അവഗണിച്ചാൽ ശക്തിയായി പ്രതികരിക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷം ഡൽഹിയിൽ പോകാൻ ഉമ്മൻചാണ്ടി തീരുമാനിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയാണ്.