തൃശൂർ
തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ പേരിൽ ബിജെപി ഇറക്കിയ കുഴൽപ്പണം കവർന്ന കേസിൽ ബുധനാഴ്ച കോടതി വാദം കേൾക്കും. പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുഴൽപ്പണക്കടത്തിലെ കണ്ണി ധർമരാജൻ, സുനിൽ നായിക് എന്നിവരും വാഹനം കിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിലണ് വാദം. ഹർജിയെ എതിർത്ത് പ്രത്യേക അന്വേഷകസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കണ്ടെടുത്ത പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്.
ധർമരാജൻ കുഴൽപ്പണക്കടത്തിലെ ഇടനിലക്കാരനാണെന്നാണ് അന്വേഷകസംഘത്തിന്റെ റിപ്പോർട്ട്. പണം ബിജെപിയുടേതാണ്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് നൽകാനാണ് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ അന്വേഷകസംഘം വ്യക്തമാക്കുന്നു.
പണം ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്നാണ് ധർമരാജന്റെ ഹർജി. ‘വ്യാജരേഖ’യുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇതെന്നാണ് പൊലീസിന്റെ വാദം. ധർമരാജന്റെ ഹർജിയിലേയും മൊഴിയിലേയും വൈരുധ്യവും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ മൂന്നേകാൽക്കോടി തന്റെയും 25 ലക്ഷം സുനിൽ നായിക്കിന്റെയുമാണെന്നാണ് ധർമരാജൻ ഹർജിയിൽ പറയുന്നത്. എന്നാൽ, താൻ പണമെത്തിക്കുന്ന ഏജന്റ് മാത്രമെന്നാണ് പൊലീസിന് നൽകിയ മൊഴി.
25 ലക്ഷം കവർച്ച ചെയ്തുവെന്നായിരുന്നു ആദ്യത്തെ പരാതി. അന്വേഷകസംഘം ഒന്നരക്കോടി രൂപയോളം പിടിച്ചെടുത്തശേഷമാണ്, നഷ്ടപ്പെട്ടത് മൂന്നരക്കോടിയെന്ന് ധർമരാജൻ മൊഴി നൽകിയത്.