കൊച്ചി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ കോഴിക്കോട് കോർപറേഷൻ പരിധിയിൽ ചട്ടംലംഘിച്ച് നിർമിച്ച കെട്ടിടത്തിന്റെ തുടർനിർമാണം സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ നടത്താനാകില്ലെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിനുവേണ്ടി ടൗൺ പ്ലാനിങ് സ്കീമും മാസ്റ്റർ പ്ലാനും ലംഘിച്ചുള്ള കെട്ടിടനിർമാണത്തിന് കോർപറേഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് പെർമിറ്റ് നൽകാൻ കോർപറേഷന് നിർദേശം നൽകി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച് തുടർനിർമാണം കോടതി വിലക്കിയിരുന്നു.
കോവിഡ് സാഹചര്യങ്ങൾമൂലമാണ് അപ്പീൽ നൽകാൻ വൈകിയതെന്നും കാലതാമസം മാപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 150 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കേണ്ട സ്ഥാനത്ത് 1200 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു.