തിരുവന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽആരാധനാലയങ്ങൾ തുറക്കാൻ അനുമതി.പരമാവധി 15 പേർക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തിൽ ഉൾപ്പെടും. ടിപിആർ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തിൽ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയിൽ ടിപിആറുള്ള 171 പ്രദേശങ്ങൾ സി വിഭാഗത്തിലും ഉൾപ്പെടും. 11 ഇടത്ത് ടിപിആർ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തിൽ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം. കാറ്റഗി എയിലും ബിയിലും ഉൾപ്പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവർത്തിക്കാം. കാറ്റഗറി സിയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും 25 ശതമാനം വരെ ജീവനക്കാരോടെ പ്രവർത്തനം അനുവദിക്കും.
തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കില്ല.ടെലിവിഷൻ പരമ്പര ചിത്രീകരണത്തിനും അനുമതിയുണ്ട്. മാനദണ്ഡം പാലിച്ച് ഇൻഡോർ ചിത്രീകരണം അനുവദിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കാനും ആലോചനയുണ്ട്. വാക്സിൻ രണ്ടും ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആൾക്കൂട്ടം ഒഴിവാക്കണമെന്നും യോഗങ്ങൾ പരമാവധി ഓൺലൈൻ വഴിയാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
content highlights:lock down relaxation in kerala