തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും കൂടി വരുന്നത് നാം ആർജിച്ച സംസ്കാര സമ്പന്നതയ്ക്ക് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളിൽ പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്താണ്.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.പെൺകുട്ടിക്ക് എന്താണ്, എത്രയാണ് കൊടുത്തത് എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോൽ. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപന ചരക്കാക്കി മാറ്റുകയാണ്.
വിവാഹത്തേയും കുടുംബജീവിതത്തേയും വ്യാപാര കരാറായി തരംതാഴ്ത്തരുത്. വിവാഹവുമായി ബന്ധപ്പെട്ട സ്ത്രീധനക്കാര്യം വീടിനുള്ളിൽ ചർച്ച ചെയ്യുന്നത് അവിടെ വളരുന്ന കുട്ടികളിലും സ്വാധീനം ചെലുത്തും. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആൺകുട്ടികളിൽ ഉണ്ടാക്കിക്കൊടുക്കരുത്. ഭർത്താവിന്റെ വീട്ടിൽ ശാരീരിര-മാനസിക പീഡനങ്ങൾ സഹിച്ച് കഴിയേണ്ടരാണ് സ്ത്രീകൾ എന്ന ചിന്ത പെൺകുട്ടികളിലും ഉണ്ടാക്കിക്കൊടുക്കരുത്. ആധിപത്യമല്ല, സഹവർതിത്വമാണ് ആവശ്യം. ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. അതിനാവശ്യമായ കാര്യങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക്aparajitha.pol@kerala.gov.inഎന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം.
ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 9497996992 നാളെ നിലവിൽ വരും. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 9497900999, 9497900286.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.