തിരുവനന്തപുരം> നിലവിലെ സാഹചര്യത്തില്‍ മൂന്നാമത്തെ കോവിഡ് തരംഗത്തിന്റെ രണ്ടു സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി. രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതിനു മുന്‍പ് തന്നെ അടുത്ത തരംഗമുണ്ടായേക്കാം എന്നതാണ് ആദ്യസാധ്യത. സാമൂഹികമായ ഇടപെടലുകള്‍ കൂടിയാല്‍ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാം. നിലവിലെ രോഗവ്യാപനം പരമാവധി പിന്‍വാങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ്
രണ്ടാമത്തെ സാധ്യത.
ഇതിലേതെങ്കിലുമൊരു രീതിയില്‍ മൂന്നാമത്തെ തരംഗം സംഭവിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതെപ്പോഴാണ് ഉണ്ടാവുക എന്നതിലും എത്ര തീവ്രമായിരിക്കും എന്നതിലുമാണ് വ്യത്യസ്ത നിഗമനങ്ങളുള്ളത്. രണ്ടാം തരംഗത്തോടൊപ്പം മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് കൂടുതല്‍ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. ആശുപ്രത്രികളിലും മറ്റു ആരോഗ്യസംവിധാനങ്ങളിലും നിലവില്‍ നിരവധി രോഗികള്‍ ചികിത്സയിലുണ്ട്. പെട്ടെന്നു തന്നെ അടുത്ത തരംഗം ഉണ്ടായാല്‍ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അത് മറികടന്നേക്കാം.
അതുകൊണ്ട്, ആ സാധ്യതയെ പരിപൂര്‍ണ്ണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് ദീര്‍ഘിപ്പിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം. ഉടനടി വീണ്ടുമൊരു ലോക്ക്ഡൗണിലേയ്ക്ക് പോവുക
എന്നതും ഏവര്‍ക്കും ദുഷ്കരവുമായിരിക്കും.
സാമൂഹിക അകലം പാലിച്ചുകൊണ്ടും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ടും രോഗം പകരാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി എല്ലാവരും പാലിക്കണം.
കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതോ, രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയുന്നതോ, അല്ലെങ്കില്‍ ഈ രണ്ടുമുള്ളതോ ആയ വിധത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസുകള്‍ ഉണ്ടാകുമ്പോളാണ് പുതിയൊരു തരംഗം ഉണ്ടാകുന്നത്. ഇതുപോലുള്ള വൈറസുകള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത കൈമോശം വരിക കൂടി ചെയ്താല്‍ തരംഗത്തിന്റെ തീവ്രത അതിശക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.