കൊല്ലം > ശൂരനാട് പോരുവഴിയിലെ ഭർത്തൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഭര്ത്താവ് കിരൺ കുമാറിനെ അറസ്ററ് ചെയ്തു. ഗാര്ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തും.
വിസ്മയയെ മുന്പ് മര്ദിച്ചിട്ടുണ്ടെന്ന് ഭര്ത്താവ് കിരണ് പൊലീസില് മൊഴി നൽകി. കാറിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ പലതവണ വഴക്കുണ്ടായിട്ടുണ്ട്. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില് കണ്ടെത്തിയ മര്ദനത്തിന്റെ പാട് മുന്പുണ്ടായതെന്നും മൊഴി നല്കി.
തിങ്കളാഴ്ച വൈകി വീട്ടില് പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന് സമ്മതിച്ചില്ല. പുലര്ന്ന ശേഷമേ വീട്ടില് പോകാന് പറ്റൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചു. കിരണിനെതിരെ കൂടുതല് തെളിവുകള് കണ്ടെത്തേണ്ടതുണ്ട്. കോടതിയില് ഹാജരാക്കിയ ശേഷം കിരണിനെ കസ്റ്റഡിയില് വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ കുളിമുറിയിലെ വെൻറിലേറ്ററിൽ മരിച്ച നിലയില് കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ആരോപിച്ചു. വിസ്മമയെ ഭര്ത്താവ് കിരണിന്റെ അമ്മയും മര്ദിച്ചിരുന്നതായി അവർ ആരോപിച്ചു. മൊഴിയെടുക്കാനെത്തിയ വനിതാ കമ്മിഷന് അംഗം ഷാഹിദ കമാലിനോടും വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ഇക്കാര്യങ്ങള് വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില് വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
മര്ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്. 100 പവൻ സ്വർണവും 1.25 എക്കർ സ്ഥലവും 14 ലക്ഷത്തിന്റെ കാറുമാണ് സ്ത്രീധനമായി നൽകിയിരുന്നത്. ഇത് പോര എന്ന് പറഞ്ഞായിരുന്നു മർദനം.