കൊച്ചി
യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി വിയറ്റ്നാമിൽ കള്ളക്കടത്തുകേസിൽ പിടിയിലായിട്ടുണ്ടെന്ന കസ്റ്റംസ് കണ്ടെത്തൽ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കും. ദീർഘകാലം തിരുവനന്തപുരത്ത് പ്രവർത്തിച്ച അൽസാബിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്രസർക്കാർ അറിഞ്ഞിരുന്നോ, അറിഞ്ഞിട്ടും അവഗണിച്ചതാണോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്.
യുഎഇ മുൻ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും ചീഫ് അക്കൗണ്ടന്റിനും അയച്ച കാരണംകാണിക്കൽ നോട്ടീസിലാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. നിരോധിത മരുന്നും ലഹരിപദാർഥങ്ങളും വിയറ്റ്നാമിലേക്ക് കടത്തിയതിന് നടപടി നേരിട്ട ആളാണ് ജമാൽ ഹുസൈൻ അൽസാബിയെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെത്തുംമുമ്പ് വിയറ്റ്നാമിലെ കോൺസൽ ജനറലായിരുന്നു. നിരോധിത മരുന്നുകളും സിഗററ്റും ഉൾപ്പെടെ നയതന്ത്ര ബാഗേജിലൂടെ വിയറ്റ്നാമിലേക്ക് കടത്തി. പിടിയിലായപ്പോൾ തിരിച്ചുവിളിച്ചു. തുടർന്നാണ് തിരുവനന്തപുരം കോൺസുലേറ്റിൽ എത്തിയത്. സരിത്തിനെയും സന്ദീപിനെയും ഉപയോഗിച്ച് ഇവിടെയും കച്ചവടത്തിന് പദ്ധതിയുണ്ടായിരുന്നെന്നും നോട്ടീസിൽ പറയുന്നു.
ഔദ്യോഗികപദവി ദുരുപയോഗിച്ച് ഗുരുതര കുറ്റകൃത്യം ചെയ്ത് പിടിയിലായ ഉദ്യോഗസ്ഥനെക്കുറിച്ച് കേന്ദ്രസർക്കാരിന് അറിവുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇക്കാര്യങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കും. അത് അവഗണിച്ചിട്ടുണ്ടെങ്കിൽ ഗുരുതര വീഴ്ചയാണ്. അറ്റാഷെ ഉൾപ്പെടെയുള്ളവർ രാജ്യം വിടുന്നത് തടയാമായി രുന്നു. സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കെട്ടിച്ചമച്ച ആരോപണങ്ങൾ നോട്ടീസിലും ആവർത്തിക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റ് അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നെന്ന് പറയുന്നു. കോൺസുലേറ്റ് അധികൃതർ ഓഫീസ് ഔദ്യോഗികമായി സന്ദർശിച്ച കാര്യം മുഖ്യമന്ത്രിതന്നെ സ്ഥിരീകരിച്ചതാണ്. അതിനെയാണ് കസ്റ്റംസ് ദുർവ്യാഖ്യാനിച്ചിട്ടുള്ളത്.