കണ്ണൂർ പ്രണയോന്മുഖ ജീവിതത്തെ പാട്ടെഴുത്തുകാർ ശ്രദ്ധിക്കാറുണ്ട്. പലരും മുൻഗാമികളുടെ നിഴലാവുകയും പിന്നീട് സ്വന്തം വഴി വെട്ടിത്തുറന്നവരുമാണ്. എൺപതുകളുടെ തുടക്കത്തിൽ ഒ എൻ വിയും ശ്രീകുമാരൻ തമ്പിയും യൂസഫലികേച്ചേരിയും ഇടക്കെപ്പോഴോ പി ഭാസ്കരനുമെല്ലാം അനശ്വരമാക്കിയ പാട്ടിന്റെ ഈ വഴിയിലൂടെയാണ് പൂവച്ചൽഖാദറും നടന്നത്. പാട്ടിൽ ദീക്ഷിക്കേണ്ട കാവ്യഭാവുകത്വത്തെ ശുദ്ധ കാൽപനികതയിലേക്ക് കെെപിടിച്ചുനടത്തുന്ന നിരവധി ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. എഴുതിയവ കൂടുതലും മികച്ച സിനിമകളിലല്ലാത്തതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ എം ബി ശ്രീനിവാസൻ, ജി ദേവരാജൻ, എം ജി രാധാകൃഷ്ണൻ എന്നിവെുടെ കൂടെ അവസരം ലഭിച്ചപ്പോഴൊക്കെ ആ കാവ്യഭാവന പരിപക്വതയിൽ വിടർന്നുവിലസി. പൂവച്ചൽ‐ദേവരാജൻ സമാഗമത്തിൽ ഉണ്ടായ ഒരു പാട്ടുണ്ട്.
ആരും അധികം ശ്രദ്ധിക്കാതെപോയ “പ്രകടനം’ സിനിമയിൽ. ‘എന്റെ മൺകുടിൽ തേടിയെത്തിയ കന്യകേ സുമ സൗമ്യതേ…’’പ്രണയത്തിലേക്കുള്ള ആർദ്രമായ ക്ഷണമായിരുന്നു യേശുദാസ് ആലപിച്ച ആ ഗാനം. യാഥാർഥ്യത്തിനും ഭാവനയ്ക്കും ഇടയ്ക്കുള്ള ദൂരത്തെ പ്രണയം കൊണ്ടളക്കുകയാണ് കവി. ഭൂമി‐ആകാശം, ദേവദാരുക്കൾ ‐പ്രേമഭാവനാവീഥികൾ ‐ ഊഴി‐സ്വർഗം, ചില്ല് ‐ രത്നം, ഹേമരഥം ഇങ്ങനെ എത്രയോ വിരുദ്ധ ദ്വയങ്ങൾ. “നിന്റെ ഹേമരഥത്തിലെന്നെ ഉയർത്തി നീ’ എന്ന വരിയിലും ലംബമായ ഉയർച്ചകൾ കാണാം.ഗാനസാഹിത്യം കവിതയല്ല,പക്ഷേ ഗാനത്തിൽ കവിതയും കവിതയിൽ ഗാനാത്മകതയും വേണമെന്ന് ദേവരാജൻ മാഷ് പറയാറുണ്ട് . “‘എന്റെ വരികൾ മാഷ്എങ്ങനെ കാണുമോയെന്ന് അറിയില്ലായിരുന്നു. ഭയത്തോടെയാണ് എഴുതിക്കൊടുത്തത്. നിർമാതാക്കൾ എന്റെ കാര്യം പറഞ്ഞപ്പോൾ ‘ആളെ അറിയാം വരികൾ കൊണ്ടുവരൂ’ എന്നായിരുന്നു മറുപടി. വരികൾ കണ്ട് മറുത്തൊന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. ഛന്ദോബദ്ധമായ വരികൾക്കേ അദ്ദേഹം ഈണമിടുകയുള്ളു എന്ന ധാരണ ഉണ്ടായതിനാൽ ആ മുറുക്കത്തിലും ലാളിത്യത്തിലുമാണ് സന്ദർഭോചിതം ആ ഗാനമൊരുക്കാനായത്. ’’ ‐ പൂവച്ചലിന്റെ വാക്കുകൾ.