തിരുവനന്തപുരം > അന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച് സർവ്വീസ് നടത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽഎൻ ജി എയർ കണ്ടീഷൻ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സർവ്വീസുകൾ വിജയകരമായാൽ ഘട്ടം ഘട്ടമായി കെഎസ്ആർടിസി ബസുകൾ എൽഎൻജിയിലേക്കും , സിഎൻജിയിലേക്കും മാറും. ഇന്ധനവില ഓരോ നിമിഷവും കുതിച്ചുയരുമ്പോൾ ചിലവ് കുറയ്ക്കാനാണ് ഡീസൽ ബസുകൾ എൽഎൻജി, സിഎൻജി എന്നിവയിലേക്ക് മാറ്റുന്നത്. 400 ബസുകൾ എൽഎൻജിയിലേക്കും, 3000 ബസുകൾ സിഎൻജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
400 ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സർവ്വീസുകളുടെ നിലവാരം ഇപ്പോൾ പരിശോധിച്ച് വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു . 3 മാസത്തെ താൽക്കാലിക പെർമിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എൽ എൻ ജി ബസുകൾ സാങ്കേതികം-സാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത്. ഒരു മാസത്തിന് ശേഷം മൂന്നാർ പോലെയുള്ള മലയോർ റൂട്ടുകളിൽ ആറ് ടൺ വഹിച്ചുള്ള സർവ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും , കെഎസ്ആർടിസിയിലയും എഞ്ചിനീയർമാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം.
ചടങ്ങിൽ പെട്രോനെറ്റ് സിജിഎം & വൈസ് പ്രസിഡന്റ് യോഗാനന്ദ റെഡ്ഡിയും സിഎംഡി ബിജു പ്രഭാകർ ഐഎഎസും ചേർന്ന് ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ എക്സിക്യട്ടീവ് ഡയറക്ടർ ( ഓപ്പറഷൻ ) ആർ . ചന്ദ്രബാബു, കെഎസ്ആർടിഇഎ – സിഐടിയു സംസ്ഥാന സെക്രട്ടറി വി , ശാന്തകുമാർ , ടി ഡിഎഫ് സംസ്ഥാന സെക്രട്ടറി, ഡി അജയകുമാർ , കെ എസ് റ്റിഇ എസ് – ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ ( സൗത്ത് സോൺ ) ജി , അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.