തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്താംനടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ യുവജന കമ്മീഷൻ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടി.വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടർക്കഥയാവുകയും പല പെൺകുട്ടികൾക്കും ഇതിന്റെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ ബോധവത്ക്കരണ ക്യാമ്പയിൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുകയാണ് അത് കൂടുതൽ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷൻ അറിയിച്ചു.
നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:State commission for youth registered case in Kollam Vismayas death