ആലപ്പുഴ > മരം മുറിക്കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ലന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു . സി പി ഐ ജില്ലാ കൗൺസിൽ ഓഫീസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഉത്തരവിൽ ഒരു അവ്യക്തതയുമില്ല . കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ പ്രതിപക്ഷ ഭേദമന്യേ എം എൽ എ മാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് കൊണ്ടുവന്നത് . വില്ലേജ് ഓഫിസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണ് . സർക്കാരിന് മുന്നിൽ അങ്ങനെ ഒരു ആക്ഷേപം വന്നിട്ടില്ല. ഇ ഡി യുടെ അടക്കം ഏത് അന്വേഷണവും വരട്ടെ . ഇ ഡി രണ്ട് വർഷമായി ഇവിടെ തന്നെ ഉണ്ടല്ലോ.
സർക്കാരിനെ തകർക്കാൻ പല വിഷയത്തിലും പുകമറ സൃഷ്ട്ടിച്ചു . അതൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ ഉജ്ജ്വല വിജയം . മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട് . റിപ്പോർട്ട് വരട്ടെ , എന്നിട്ട് ആലോചിക്കാം . ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ പറയാനുള്ളു . വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ലന്നും മന്ത്രി പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി വി സത്യനേശൻ , ജോയ് കുട്ടി ജോസ് , ദീപ്തി അജയകുമാർ , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ് , നേതാക്കളായ പി ജ്യോതിസ് , വി മോഹൻദാസ് , ആർ അനിൽകുമാർ , പി എസ് എം ഹുസൈൻ , ടി ടി ജിസ്മോൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.