അനീഷും ചിത്രയും
കൊച്ചി; കോച്ചിങ്ങിന് പോയും സ്വയം പഠിച്ചും കഴിയുന്നത്ര പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ, ഭാഗ്യം കൊണ്ട് കൂടിയാണ് പാസാകാൻ സാധിച്ചതെന്നേ ഞാൻ പറയൂ. ഭർത്താവ് അനീഷിന്റെ പൂർണ പിന്തുണയും ഒപ്പമുണ്ടായിരുന്നു, അഡ്വ. ചിത്ര കേശവന്റെ വാക്കുകളിൽ നിറഞ്ഞ സന്തോഷം. കഴിഞ്ഞ ദിവസം ചിത്ര നോർത്ത് പറവൂരിലെ നമ്പർ 3 മജിസ്ട്രേട്ട് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി (എ.പി.പി.) നിയമിതയായതോടെ സംസ്ഥാനത്തെ ആദ്യത്തെ പബ്ലിക് പ്രോസിക്യൂട്ടർ ദമ്പതിമാരായിരിക്കുകയാണ് ചിത്രയും ഭർത്താവ് അനീഷും.
2015-ലാണ് അഡ്വ. അനീഷ് എം.സി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനാകുന്നത്. പി.എസ്.സി. വഴി ആഭ്യന്തര വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിലേക്കുള്ള സ്ഥിരം നിയമനമാണിത്. അനീഷിനു പിന്നാലെ ഭാര്യ ചിത്രയും ഇതേ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രയും ടെസ്റ്റ് പാസായി ജൂൺ 16ന് നിയമനം നേടിയതോടെ അപൂർവ നേട്ടത്തിനും ഇവർ ഉടമകളായി.
അനീഷ് എ.പി.പി. ആയത് തീർച്ചയായും പ്രചോദനമായിരുന്നു, ചിത്ര പറയുന്നു. പക്ഷേ, കിട്ടുമെന്ന വലിയ പ്രതീക്ഷയൊന്നും വെച്ചിരുന്നില്ല. കാരണം, നല്ല കഴിവുള്ള പലർക്കും കിട്ടാതെ പോകുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല 7-8 വർഷത്തിൽ ഒരിക്കലൊക്കെയാണ് എ.പി.പി. നിയമനത്തിനായി നോട്ടിഫിക്കേഷനൊക്കെ വരിക. പഠിത്തം പൂർത്തിയാക്കി പ്രായപരിധി കഴിയും മുമ്പേ നോട്ടിഫിക്കേഷൻ വരേണ്ടതുമുണ്ട്. അതുകൊണ്ടാണ് ഇതൊരു ഭാഗ്യമാണെന്ന് ഞാനാദ്യമേ പറഞ്ഞത്. പിന്നെ മറ്റെല്ലാത്തിനുമപ്പുറം സ്റ്റേറ്റിനെ സേവിക്കാൻ അവസരം കിട്ടുന്നു എന്നതാണ് ഏറ്റവും പ്രധാനം -ചിത്ര വ്യക്തമാക്കി.
ഭാര്യ പറഞ്ഞതിനോട് ഒബ്ജെക്ഷനില്ലെന്ന് അനീഷും വ്യക്തമാക്കുന്നു. ഗവൺമെന്റ് സ്കൂളിലും കോളേജിലുമൊക്കെയാണ് ഞാൻ പഠിച്ചത്. അഡ്വക്കേറ്റെന്ന നിലയിൽ സ്റ്റേറ്റിനെ സേവിക്കാൻ ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് എ.പി.പിയാവാൻ തീരുമാനിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർമാരെ പോലെ സർക്കാരുകൾ മാറിമാറി വരുമ്പോൾ മാറുന്ന താൽക്കാലിക നിയമനമല്ല ഇത്. അതിനാൽ തന്നെ എ.പി.പിമാർക്ക് സ്റ്റേറ്റിനോടായിരിക്കും കൂറ്.
പി.എസ്.സി. വഴി കഴിവ് തെളിയിച്ച് സർക്കാർ പരിശീലനം ലഭിച്ച് നിയമിതരാകുന്ന എ.പി.പിമാരെ പക്ഷേ ശരിയായി ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. നിലവിൽ മജിസ്ട്രേട്ട് കോടതികളിൽ മാത്രമാണ് എ.പി.പിമാർക്ക് നിയമനമുള്ളത്. പ്രമോഷൻ കിട്ടിയാൽ പോലും മേൽക്കോടതികളിൽ വാദിക്കാനാകില്ല. അവിടെ ഭരിക്കുന്ന പാർട്ടികൾ തങ്ങൾക്ക് അടുപ്പമുള്ളവരെ, അനുഭവപരിചയമോ യോഗ്യതയോ പരിഗണിക്കാതെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുന്നു. ഇതോടെ കോടതിയിലെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് അർഹമായ നീതി നിഷേധിക്കപ്പെടുക കൂടിയാണ്. കേരളം, ത്രിപുര, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ പെർമനന്റ് പ്രോസിക്യൂഷൻ സിസ്റ്റം ഇല്ലാതെ മാറിമാറിവരുന്ന സർക്കാരുകൾ, രാഷ്ട്രീയാഭിമുഖ്യം വച്ച് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിയ്ക്കുന്ന സംവിധാനമുള്ളൂ.. അനീഷ് എ.പി.പിമാർ അനുഭവിക്കുന്ന അനീതിയെ കുറിച്ച് കൂടി വിശദമാക്കി.
കൊച്ചി നമ്പർ 2 മജിസ്ട്രേട്ട് കോടതിയിലെ എ.പി.പിയാണ് അനീഷ്. നെടുമ്പാശ്ശേരിയിലാണ് അനീഷും ചിത്രയും താമസിക്കുന്നത്. ഏകമകൻ ഗൗതം കൃഷ്ണ നാലാം ക്ലാസ് വിദ്യാർഥിയാണ്.
content highlights:aneesh and chitra- keralas first public prosecutor couple















