തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വ്യക്തിപരമായ അധിക്ഷേപത്തിൽ കോൺഗ്രസിൽ ഭിന്നസ്വരം. ക്രിമിനൽ ശൈലിയിലൂടെ കോൺഗ്രസിനെ ചലിപ്പിക്കാനുള്ള തന്ത്രം പൊതുസമൂഹം തളളുമെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശം. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചതിലൂടെ കെപിസിസി പ്രസിഡന്റിന്റെ ക്രിമിനൽ പശ്ചാത്തലം അനാവരണം ചെയ്യപ്പെട്ടു. അക്രമത്തിന്റെ പാതയിലേക്ക് കോൺഗ്രസിനെ വലിച്ചിഴയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സുധാകരന്റെ ശൈലി തലവേദനയാകുമെങ്കിലും തൽക്കാലം പരസ്യവിമർശം ഒഴിവാക്കാനും എ ഐ ഗ്രൂപ്പ് നേതാക്കൾ ധാരണയായി.
മുഖ്യമന്ത്രിയെ വിമർശിച്ചപ്പോഴും ഉമ്മൻചാണ്ടിയടക്കം സുധാകരനെ ശക്തമായി പിന്തുണയ്ക്കാത്തത് ശ്രദ്ധേയമാണ്. കൂടുതൽ നേതാക്കൾ പ്രതികരിക്കാത്തതും യാദൃച്ഛികമല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ മാത്രമാണ് അഭിപ്രായം പറഞ്ഞത്. ഇവരെല്ലാം മുഖ്യമന്ത്രിയുടെ നിലപാട് ശരിയായില്ലെന്ന് പറഞ്ഞതല്ലാതെ, കെ സുധാകരനോട് ആഭിമുഖ്യം കാട്ടിയില്ല. വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള നേതാക്കളും കാര്യമായി പ്രതികരിച്ചില്ല. മുൻ കെപിസിസി പ്രസിഡന്റുമാരും കെ സുധാകരന്റെ നിലപാടിനെ തള്ളി. ക്രിമിനൽവൽക്കരണവും അടിതട ശൈലിയും പാർടിയെ കൂടുതൽ ദുർബലമാക്കുമെന്ന ചിന്തയാണ് നേതൃത്വത്തിന്. സ്ഥാനമേറ്റെടുത്തതിന്റെ ചൂടാറുംമുമ്പേ സുധാകരൻ ബാധ്യതയാകുന്നുവെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കെപിസിസി പ്രസിഡന്റിന് ചേർന്ന പ്രതികരണമല്ല സുധാകരൻ നടത്തിയതെന്ന വികാരമാണ് നേതൃത്വത്തിനുള്ളത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി 23ന് ചേരും. പാർടി പുനഃസംഘടനയാണ് അജൻഡയെങ്കിലും വാക്പോര് ചർച്ചയ്ക്ക് വന്നാൽ സുധാകരനെതിരെ വിമർശനമുയരും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ആലോചിച്ചുമാത്രമേ തീരുമാനങ്ങളെടുക്കാവൂവെന്ന് രാഹുൽ ഗാന്ധി കെ സുധാകരന് നിർദേശം നൽകി. ഏകപക്ഷീയമായ പ്രഖ്യാപനം നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് ഇത്. ഹൈക്കമാൻഡിന്റെ അനുകൂല മനോഭാവം സുധാകരവിരുദ്ധ നീക്കത്തിന് ആയുധമാകുമെന്നാണ് ഉമ്മൻചാണ്ടിയും മറ്റും കരുതുന്നത്.
കെ സുധാകരന്റെ ആക്ഷേപം മുഖ്യമന്ത്രി അവഗണിക്കണമായിരുന്നുവെന്ന് അഭിപ്രായമുള്ള കോൺഗ്രസ് നേതാക്കളും ഏറെയാണ്. തെരുവ് ചട്ടമ്പിയുടെ വീമ്പുപറച്ചിൽ എന്ന മട്ടിൽ ചിരിച്ചുതള്ളാമായിരുന്നില്ലേ എന്നാണ് കെപിസിസി ജനറൽ സെക്രട്ടറിമാർവരെ ചോദിക്കുന്നത്. അക്രമവഴിയിൽ തന്നെയെന്ന് സുധാകരൻ ആവർത്തിച്ചു വെളിപ്പെടുത്തുമ്പോൾ കോൺഗ്രസിൽ ആശങ്കയേറുകയാണ്. കെ സുധാകരൻ ഒരുവശത്തും സുധാകരവിരുദ്ധർ മറുപുറത്തും നിൽക്കുന്ന ഉൾപാർടി ധ്രുവീകരണത്തിന് കോൺഗ്രസ് വഴിമാറും.
പരാമർശം വ്യക്തിപരം: കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശം വ്യക്തിപരം തന്നെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരൻ മലക്കം മറിഞ്ഞത്. ശനിയാഴ്ച എറണാകുളത്തെ വാർത്താ സമ്മേളനത്തിൽ പിണറായി വിജയനോട് വ്യക്തിപരമായി ശത്രുതയില്ലെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ ബഹുമാനമാണെന്നുമായിരുന്നു പറഞ്ഞത്. ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രിയെ സ്വഭാവ വൈകല്യമുള്ളയാളെന്നും സുധാകരൻ അപഹസിക്കുന്നു.