റിയോ ഡി ജനീറോ
കോവിഡ് മരണം അഞ്ചുലക്ഷം കടന്ന ബ്രസീലിൽ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമായി. ‘ഗെറ്റ് ഔട്ട് ബോൾസനാരോ’ എന്നാക്രോശിച്ചുകൊണ്ട് രാജ്യമെമ്പാടും ആയിരങ്ങള് തെരുവിലിറങ്ങി. മഹാമാരിയെ ലഘുവായി കാണുന്ന പ്രസിഡന്റിന്റെ നിലപാടാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും പ്രസിഡന്റ് രാജിവയ്ക്കണമെന്നുമാണ് പ്രക്ഷോഭകര് ആവശ്യപ്പെട്ടത്.
രാജ്യത്തെ 26 സംസ്ഥാനത്തിൽ 22ലും ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മരിച്ചവർക്ക് ആദരമായി സാവോ പോളോയിൽ ചുവന്ന ബലൂണുകൾ പറത്തി. ഇടതുപക്ഷക്കാരനായ മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡ സിൽവയുടെ ചിത്രമുള്ള മുഖാവരണവും ടി ഷർട്ടും ധരിച്ചായിരുന്നു മിക്കവരും പ്രതിഷേധത്തിൽ പങ്കെടുത്തത്.
കോവിഡ് മരണത്തില് അമേരിക്കമാത്രമാണ് ബ്രസീലിന് മുന്നില്. ഒരാഴ്ചയായി ദിവസം ശരാശരി എഴുപതിനായിരം രോഗികള്. രാജ്യത്തെ തീവ്രപരിചരണ സംവിധാനങ്ങളില് 80 ശതമാനമവും ഉപയോഗത്തിലാണ്. മാര്ച്ചിനു ശേഷം രാജ്യത്ത് പ്രതിവാരം 1500 പേര്വീതം ശരാശരി മരിക്കുന്നു. മഹാമാരിയെ ആദ്യംമുതല് നിസാരവത്കരിക്കുന്ന പ്രസിഡന്റ് രാജ്യത്ത് മതിയായ തോതില് വാക്സിന് ലഭ്യമാക്കുന്നില്ല. ജനസംഖ്യയുടെ 12 ശതമാനത്തില് താഴെ മാത്രമേ വാക്സിന് ലഭിച്ചിട്ടുള്ളു.