തിരുവനന്തപുരം> പത്ത് വര്ഷങ്ങള്ക്ക് ശേഷം കെഎസ്ആര്ടിസിയില് ശമ്പളപരിഷ്കരണ ചര്ച്ചയ്ക്ക് തുടക്കം. ചര്ച്ച നാളെ നടക്കും . 2010ലാണ് ഇതിന് മുമ്പ് കെ എസ് ആര് ടി സി യില് ശമ്പള പരിഷ്കരണം നടന്നത്.2015ല് സേവന-വേതന പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെക്കുകയായിരുന്നു.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില് നടക്കുന്ന ചര്ച്ചയില് റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്. കെ എസ് ആര് ടി സി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത്, ആധുനികവല്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്കരണ ചര്ച്ചകള്ക്ക് തുടക്കം കുറിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.
സെക്രട്ടേറിയറ്റില് നടക്കുന്ന ചര്ച്ചയില്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്, മറ്റ് ഉന്നതോദ്യോഗസ്ഥര്, കേരള സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്ട്ട് എംപ്ലോയീസ് അസോസിയേഷന് ( സിഐടിയു), ട്രാന്സ്പോര്ട്ട് ഡമോക്രാറ്റിക് ഫെഡറേഷന് ( ടിഡി എഫ് ) , കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് എംപ്ലോയീസ് സംഘ് ( ബിഎംഎസ് )എന്നീ സംഘടനകളുടെ പ്രതിനിധികള് തുടങ്ങിയവര് പങ്കെടുക്കും.