കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. കേസിൽ പുനരന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാർഗവി ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെട്ടു.
1992 ജൂൺ 13 നാണ് കണ്ണൂർ ബസ്റ്റാന്റ് പരിസരത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായ നാണുവിനെ കോൺഗ്രസ് പ്രവർത്തകർ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.
താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു സുധാകരൻ പറഞ്ഞത്. അങ്ങനെയൊരു പേര് പിണറായി വിജയൻ പറഞ്ഞാൽ താൻ രാജിവെക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു.
കെ സുധാകരന്റെ കുറ്റസമ്മത മൊഴി അതീവ ഗൗരവമായി പരിഗണിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നടത്തിയ ഏക കൊലപാതകമാണ് കൊലപാതകമെന്ന് സുധാകരൻ തന്നെ പറയുന്നു. അത് കോൺഗ്രസിനു പറ്റിയ കൈപ്പിഴയാണെന്നും പറയുന്നു. ഇത് ഗൗരവമായി പരിഗണിക്കണമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആവശ്യം.