തിരുവനന്തപുരം > ഇന്നലെ മരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിലാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു.
ശനിയാഴ്ച രാത്രി 9.20നാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനൻ വൈദ്യർ കുറച്ചുനാളായി കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. മൂന്ന് ദിവസമായി വയറിളക്കമുണ്ടായിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മോഹനൻ വൈദ്യരുടെ ചികിത്സാരീതികൾക്കെതിരെയും പ്രചാരണങ്ങൾക്കെതിരെയും വ്യാപക പരാതികൾ ഉയർന്നിരുന്നു.
കോവിഡിന് വ്യാജ ചികിത്സ നൽകിയതിന് തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശാസ്ത്രീയ ചികിത്സയെ തുടർന്ന് ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയിലും ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.