തിരുവനന്തപുരം> ലൈംഗികാതിക്രമത്തെ അതിജീവിച്ച മാനസിക വെല്ലുവിളിയുള്ള പെൺകുട്ടികൾക്ക് കരുതലായി സംസ്ഥാന സർക്കാർ. ഇവരെ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രത്യേക ഹോം ആരംഭിച്ച് സംരക്ഷിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ശാരീരിക –- മാനസിക ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കും.
കേസിന്റെ തുടർനടപടികർക്കും ഇവരെ പ്രാപ്തരാക്കും. സൈക്യാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും അടക്കം ഇവർക്കാവശ്യമായ എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കും. മേൽനോട്ടം കലക്ടർ ചെയർമാനായ ജില്ലാതല മോണിറ്ററിങ് സമിതിക്കായിരിക്കും. പുറമെ ജില്ലാ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അംഗമായ ഹോം മാനേജ്മെന്റ് കമ്മിറ്റിയും ഉണ്ടാക്കും. ആദ്യ ഘട്ടത്തിൽ എൻജിഒ സഹായത്തോടെ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി 59.28 ലക്ഷം രൂപ അനുവദിച്ചു.