കണ്ണൂർ > നാൽപ്പാടി വാസു വധക്കേസിൽ കെ സുധാകരൻ മലക്കം മറിയുമ്പോൾ തകർന്നു വീണത് വർഷങ്ങളായി സ്വയം പൊക്കിയുണ്ടാക്കിയ നുണയുടെ ചീട്ടുകൊട്ടാരങ്ങൾ. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മട്ടന്നൂർ പുലിയങ്ങോട്ടെ നാൽപ്പാടി വാസുവിനെ 1993 മാർച്ച് നാലിനാണ് സുധാകരനും സംഘവും വെടിവച്ച് കൊന്നത്. ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ വെടിയുതിർത്തതാണെന്നാണ് ഇക്കാലമത്രയും സുധാകരൻ പറഞ്ഞത്. അക്രമിസംഘത്തിന്നേരെ ഗൺമാൻ വെടിവച്ചപ്പോൾ മരച്ചുവട്ടിൽ നിൽക്കുകയായിരുന്ന നാൽപ്പാടി വാസുവിന് വെടിയേറ്റുവെന്ന് ശനിയാഴ്ച തിരുത്തി. ഒരു നിരപരാധിയാണ് സുധാകരന്റെ നിർദ്ദേശപ്രകാരം വെടിയേറ്റ് വീണതെന്ന് ഇതോടെ തുറന്നുകാട്ടപ്പെട്ടു. സുധാകരനെതിരായ കേസ് വീണ്ടും അന്വേഷിക്കാനും നിയമസാധുത തെളിയുകയാണ്.
നാൽപ്പാടി വാസുവിനെ വെടിവച്ച് കൊന്നതിൽ മട്ടന്നൂർ പൊലീസിന്റെ എഫ്ഐആറിൽ സുധാകരൻ ഒന്നാം പ്രതിയായിരുന്നു. യുഡിഎഫ് ഭരണമായതിനാൽ സ്വാധീനംചെലുത്തി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവായി. തുടർന്ന് നാൽപ്പാടി വാസുവിന്റെ സഹോദരന്റെ നിവേദനത്തെ തുടർന്ന് കേസ് പുനരന്വേഷിച്ച് സുധാകരനെ 12ാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. സിബിസിഐഡി കണ്ണൂർ യൂണിറ്റാണ് സുധാകരൻ പ്രതിയാണെന്ന് കണ്ടെത്തി മട്ടന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
സുധാകരൻ ജാമ്യമെടുത്ത് വിചാരണ നേരിട്ടു. പ്രതികളെ വെറുതെവിട്ട കോടതിവിധിക്തെിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്ന ആവശ്യം ഉയർന്നുവെങ്കിലും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തടയിട്ടു. പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീലിന് സ്കോപ്പില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നും കേസിൽ പുനരന്വേഷണ സാധ്യതയില്ലെന്നുമാണ് തിരുവഞ്ചൂർ അന്ന് നിയമസഭയിൽ കോടിയേരി ബാലകൃഷ്ണന് മറുപടി നൽകിയത്.