കൊച്ചി> അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ പരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധം വിലക്കുകൾ മറികടന്ന് പൊതു ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. കവരത്തിയിൽ സ്വകാര്യ ഭൂമി പിടിച്ചെടുക്കാൻ അഡ്മിനിസ്ട്രേഷൻ റവന്യൂ വിഭാഗം നാട്ടിയ കൊടികൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്കെതിരെ കനത്ത പ്രതിഷേധമുയരുമ്പോഴും കോവിഡ് വ്യാപനത്തിന്റെയും മറ്റ് നിയന്ത്രണങ്ങളുടെയും പേരിൽ അത് വീട്ടകങ്ങളിൽ ഒതുങ്ങിയിരുന്നു. എന്നാൽ, പ്രതിഷേധങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണ് ശനിയാഴ്ചത്തെ പ്രക്ഷോഭം നൽകുന്ന സൂചന.
കവരത്തി പഞ്ചായത്ത് അംഗങ്ങളുടെയും സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുടെയും നേതൃത്വത്തിലാണ് അഡ്മിനിസ്ട്രേഷൻ റവന്യൂ വിഭാഗം സ്വകാര്യ പുരയിടങ്ങൾക്കുചുറ്റും സ്ഥാപിച്ച കൊടികൾ പിഴുതെറിഞ്ഞത്. ‘‘ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് സ്വന്തം’’ എന്ന മുദ്രാവാക്യം മുഴക്കി പ്രകടനമായാണ് നേതാക്കൾ എത്തിയത്. തുടർന്ന് കൊടികൾ ഓരോന്നും ഊരിയെറിഞ്ഞു. സ്വകാര്യ ഭൂമി, ഉടമകളുടെ അനുമതിയില്ലാതെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് കൊടികൾ നാട്ടിയിരുന്നത്.
അതിനിടെ ബിജെപിയുടെ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിലും ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡിലും അജ്ഞാതർ കരി ഓയിൽ ഒഴിച്ചു.