കണ്ണൂർ > നാൽപ്പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടെന്ന് 2011 ലെ യുഡിഎഫ് സർക്കാരിലെ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത് കെ സുധാകരന്റെ ഭീഷണിക്ക് വഴങ്ങി. കേസ് പുനരന്വേഷിച്ചാൽ യുഡിഎഫ് സർക്കാറിനെ വീഴ്ത്തുമെന്ന സുധാകരന്റെ മുന്നറിയിപ്പാണ് പുനരന്വേഷണം അട്ടിമറിച്ചത്. അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് സുധാകരൻ പറയുന്നത് ചെയ്താൽ മതിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നിർദേശം നൽകിയത്.
ഇതോടെ തിണ്ണമിടുക്കുള്ള നേതാവിന്റെ ഭീഷണിക്ക് തിരുവഞ്ചൂരിന് വഴങ്ങേണ്ടി വന്നു. സർക്കാർ വീഴുമെന്ന പേടിയിൽ ഉമ്മൻചാണ്ടിയും ഇതംഗീകരിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാൽപ്പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചത്. നാൽപ്പാടി വാസുവിന്റെ സഹോദരൻ നാൽപ്പാടി രാജൻ സർക്കാരിന് നൽകിയ പരാതി പരിശോധിച്ചശേഷമാണ് വീണ്ടും അന്വേഷണത്തിന് സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയതെന്നും അറിയിച്ചു.
ഇത്തരം നിയമോപദേശങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും സുധാകരനെ രക്ഷിക്കാൻവേണ്ടി സൃഷ്ടിച്ചതായിരുന്നു. സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതികളായ വധക്കേസുകളിൽ നിയമവും മാനദണ്ഡങ്ങളും അട്ടിമറിച്ച് പുനരന്വേഷണ ഉത്തരവിറക്കിയവരാണ് കോൺഗ്രസ് നേതാവ് സുധാകരനെ രക്ഷിക്കാൻ നാൽപ്പാടി വാസു വധക്കേസ് പുരന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചത്. സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസിൽപോലും പ്രതിസ്ഥാനത്തുണ്ടായിരുന്നവർ സിപിഐ എം പ്രവർത്തകരാണെന്നതിനാൽ പുനരന്വേഷണത്തിന് ഉത്തരവിട്ടവരാണ് സുധാകരനെ സംരക്ഷിക്കാൻ നിയമോപദേശത്തിന്റെ പേരുപറഞ്ഞ് നാൽപ്പാടി വാസു വധക്കേസിലെ പുനരന്വേഷണം അട്ടിമറിച്ചത്.