കൊച്ചി> കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണങ്ങൾ നിഷേധിച്ച് ഫ്രാൻസിസിന്റെ കുടുംബം. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർഥിയായിരുന്ന ഫ്രാൻസിസ് അന്ന് പിണറായി വിജയനെ മൈക്ക്കൊണ്ട് അടിച്ചുവെന്ന് സുധാകരൻ പറഞ്ഞത് സത്യമല്ലെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടിയും മകൻ ജോബും പറഞ്ഞു.
അച്ഛൻ പിണറായിയെ ആക്രമിച്ചിട്ടില്ല. ഒന്നിച്ചു പഠിച്ചതാണെന്നും പിണറായി കൂട്ടുകാരനാണെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളതെന്നും ജോബ് പറഞ്ഞു.
2000 ലാണ് ഫ്രാൻസിസ് മരിച്ചത്. മരിച്ച് ഇത്രേം വർഷമായ മനുഷ്യനെപറ്റിയാണല്ലോ ഇങ്ങനെ അസത്യങ്ങൾ പറയുന്നത്. അതിൽ വേദനയുണ്ടെന്ന് മേരിക്കുട്ടി പറഞ്ഞു.
മരണപ്പെട്ട പിതാവിനെ കുറിച്ച് ഇത് കേൾക്കുന്നത് വലിയവേദനയാണ്. പിതാവിനെ കുറിച്ചുതന്നെയാണോ സുധാകരൻ പറയുന്നത് എന്നറിയാൻ പിതാവിന്റെ ഫോട്ടോ മുൻ മന്ത്രി എ കെ ബാലന് അയച്ചു നൽകി ഉറപ്പാക്കി. അതിന് ശേഷമാണ് പ്രതികരിക്കുന്നത്. ഒരു കായികതാരം കൂടിയായിരുന്ന തന്റെ പിതാവിന് ഒരാളെയും ഉപദ്രവിക്കാനാവില്ലെന്നും ജോബ് പറഞ്ഞു.
പഠിക്കുന്ന കാലത്ത് ഫ്രാൻസിസ് കത്തിയുമായെത്തി പിണറായിയെ അടിച്ചു വീഴ്ത്തിയെന്നാണ് സുധാകരൻ പറഞ്ഞത്. ഇത് ഇന്നലെതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചിരുന്നു.