പത്തനാപുരം
വനംവകുപ്പിന്റെ അധീനതയിലുള്ള പത്തനാപുരം പാടം വനമേഖലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷക സംഘം ഡ്രോൺ പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ പാടം വനമേഖലയിൽ 10.6 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായിരുന്നു പരിശോധന. വനത്തിനുള്ളിൽ ഷെഡുകളുണ്ടെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാലിവ വനംവകുപ്പ് കെട്ടിയ ഷെഡുകളാണെന്ന് കണ്ടെത്തി.
മുപ്പതംഗ പൊലീസ് സംഘവും വനം വകുപ്പ്, തീവ്രവാദ വിരുദ്ധ സ്ക്വാഡും ഉൾവനത്തിൽ പരിശോധന നടത്തിവരുന്നു. പ്രതികൂല കാലാവസ്ഥ പരിശോധനയ്ക്ക് പ്രതിബന്ധമാകുന്നുണ്ട്. അടിക്കാട് തെളിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. സ്ഫോടകവസ്തുവിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് അന്വേഷക സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കൂടുതൽ തെളിവുകൾക്കായി അന്വേഷണം നടത്തി വരികയാണ്. ജലാറ്റിൻ സ്റ്റിക്കുകൾ നിർമിച്ച തമിഴ്നാട് തൃച്ചിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.