സതാംപ്ടൺ: ന്യൂസിലൻഡിനെ പോലെ മികച്ച ടീമിനെതിരെ കളിക്കുമ്പോൾ കാര്യങ്ങളെ ലളിതമായും യാഥാർഥ്യബോധത്തോടെയും സമീപിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് രോഹിത് ശർമ്മ. ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിനായി ഇറങ്ങുമ്പോൾ അതാണ് നല്ലതെന്ന് രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിൽ ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന രോഹിത് ന്യൂസീലൻഡ് ബോളർമാരെ കീഴടക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ്. ഏകദിനത്തിലും ടി20യിലും ന്യൂസീലൻഡിനെതിരെ കളിച്ച അനുഭവം ഗുണം ചെയ്യുമെന്നും രോഹിത് കരുതുന്നു.
“ഞാൻ അവർക്കെതിരെ കളിച്ചിട്ടുണ്ട്, അവരുടെ ശക്തിയും ദൗർബല്യങ്ങളും എനിക്ക് അറിയാം. ഇതെല്ലാം എന്താണ് സാഹചര്യം ടീം ഏത് അവസ്ഥയിലാണ്, നമ്മൾ ആദ്യമാണോ രണ്ടാമതാണോ ബാറ്റ് ചെയ്യുന്നത് എന്നതിനെയെല്ലാം ആശ്രയിച്ചാണ് ഇരിക്കുന്നത്.” മത്സരം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിനോട് രോഹിത് പറഞ്ഞു.
പ്രഥമ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ടോസ് പോലും സാധ്യമാകാതെയാണ് ഉപേക്ഷിച്ചത്. “അതെല്ലാം കണക്കാക്കപ്പെടും, അമിതമായി ചിന്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഒരു മികച്ച ടീമിനെതിരെ കളിക്കാനിറങ്ങുമ്പോൾ കാര്യങ്ങളെ ലളിതമായും യാഥാർഥ്യബോധത്തോടെയും സമീപിക്കുക എന്നത് പ്രധാനമാണ്”. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് മത്സരങ്ങളിൽ ഓപ്പണർ എന്ന നിലയിൽ 1000 റൺസിലധികം സ്വന്തമാക്കിയ രോഹിത് പറഞ്ഞു.
Read Also: WTC Final: കളി മുടക്കി മഴ; ഫൈനലിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു
“ഞങ്ങൾക്ക് അഞ്ചു ദിവസവും വെല്ലുവിളിയാണ്, ഇത് മറ്റെവിടെയും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഓരോ ദിവസവും പുതിയ വെല്ലുവിളികളാണ്, വളരെ ക്ഷമ ആവശ്യമാണ്. പല സാഹചര്യങ്ങളിൽ കളിക്കേണ്ടി വരും അത് അത്ര എളുപ്പവുമല്ല”
“അഞ്ചു ദിവസവും മാനസികമായി തയ്യാറായിരിക്കണം എന്നാലാണ് ഗ്രൗണ്ടിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളു. വെല്ലുവിളികൾ സ്വീകരിക്കാനും മറികടക്കാനും ശാരീരികമായും തയ്യാറായിരിക്കണം” ചെറിയ ഫോർമാറ്റിലെ മിന്നും താരമായ രോഹിത് പറഞ്ഞു.
The post ന്യൂസിലൻഡിനെതിരെ കാര്യങ്ങൾ ലളിതമായി കാണണം: രോഹിത് ശർമ്മ appeared first on Indian Express Malayalam.