തിരുവനന്തപുരം > ആരാധനാലയങ്ങൾ ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഴ്ചയിലെ സാഹചര്യം നോക്കി കൂടുതൽ ഇളവ് അനുവദിക്കാനാകുമോ എന്നു നോക്കും. ബുധനാഴ്ച ഇക്കാര്യം അവലോകനം ചെയ്യും. ആരാധനാലയം അടച്ചിടണമെന്ന നിലപാടല്ല സർക്കാരിനുള്ളത്.
ബ്യൂട്ടി പാർലറുകളിൽ മുടിവെട്ടാൻ മാത്രം അനുവാദം നൽകും. കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുള്ളത് കണക്കിലെടുക്കണം. സമൂഹമെന്ന നിലയ്ക്കു ജാഗ്രത പുലര്ത്തിയാല് മൂന്നാം തരംഗത്തെ തടയാന് സാധിക്കും.
നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം. ഇരട്ട മാസ്ക് ധരിക്കാനും ചെറിയ കൂടിച്ചേരലുകള് പോലും ഒഴിവാക്കാനും പൊതുസ്ഥലത്തെന്ന പോലെ വീടുകള്ക്കകത്തും കരുതലുകള് സ്വീകരിക്കാനും ശ്രദ്ധിക്കണം. ഇടപഴകലുകളും ആള്ക്കൂട്ടങ്ങളും ഒഴിവാക്കണം. കടകളിലും തൊഴില് സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലര്ത്തണം.
വിദേശത്ത് പോകുന്നരുടെ സര്ട്ടിഫിക്കറ്റ് പ്രശ്നത്തില് ചില കുറവ് ഇപ്പോഴുണ്ട്. അടിയന്തരമായി അവ പരിഹരിക്കാന് നടപടി സ്വീകരിക്കും. വാക്സീന് റജിസ്ട്രേഷന് കാര്യത്തില് ഭിന്നശേഷിക്കാര്, മുതിര്ന്ന പൗരന്മാര്, കാഴ്ച പരിമിതര്, നിരക്ഷരര് എന്നിവരുടെ കാര്യത്തില് മറ്റുള്ളവരുടെ സഹായം വേണ്ടി വരും. വൊളന്റിയർമാർ താമസ സ്ഥലത്തെത്തി അവരെ സഹായിക്കണം.
Covid Delta Variant
ഫീസ് അടച്ചില്ലെന്ന പേരില് ഓണ്ലൈന് ക്ലാസില് പ്രവേശിപ്പിക്കാത്ത സംഭവങ്ങളില് ശക്തമായ നടപടിയെടുക്കും. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി എടുക്കുവാന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്ദേശം നല്കി. പിഎസ്സി പരീക്ഷകള് മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.