കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം സർവീസുകൾ നടത്താൻ. ഒറ്റ – ഇരട്ട അക്ക നമ്പർ അടിസ്ഥാനമാക്കി ഓരോ ദിവസം മാറി മാറി ബസുകൾക്ക് നിരത്തിലിറങ്ങാം. ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്‌ച (18-06-2021) ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് സർവീസ് നടത്താൻ അനുവാദമുണ്ടായിരിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്‌ചയും (28-6-2021) ഒറ്റ നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകൾക്കും സർവീസ് നടത്താൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യം പരിഗണിച്ചാണ ഒന്നിടവിട്ട ദിവസങ്ങളിലായി മാറി മാറി സർവീസ് നടത്താം എന്ന തീരുമാനത്തിലേക്ക് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസുകൾ നടത്തേണ്ടത്. എല്ലാ ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ തീരുമാനം പുറത്തുവന്നെങ്കിലും സർവീസ് നടത്തുമോ എന്ന കാര്യത്തിൽ സ്വകാര്യ ബസ് അസോസിയേഷൻ നിലപാട് അറിയിച്ചിട്ടില്ല. ലോക്ക് ഡൗൺ മൂലം സാമ്പത്തിക നഷ്‌ടമുണ്ടായ സാഹചര്യത്തിൽ നികുതിയിളവ് അടക്കമുള്ള ആവശ്യങ്ങളാണ് ആവശ്യമെന്നാണ് ഇവരുടെ നിലപാട്.