തിരുവനന്തപുരം > റീജണല് ക്യാന്സര് സെന്ററിലെ (ആർസിസി) ലിഫ്റ്റ് തകര്ന്ന് പരിക്കേറ്റ് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശിയായ നദീറ (22) ഇന്ന് പുലർച്ചെയാണ് മരിച്ചത്.
നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവത്തിൽ 5 പേർക്കെതിരെ നടപടി എടുത്തായും മന്ത്രി അറിയിച്ചു.
അപായ സൂചന അറിയിപ്പ് നല്കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റ് തകര്ന്നാണ് നദീറക്ക് പരിക്കേറ്റത്. മെയ് 15 നായിരുന്നു അപകടം. ക്യാൻസർ ബാധിതയായ മാതാവിനെ പരിചരിക്കാൻ എത്തിയതായിരുന്നു നദീറ. ലിഫ്റ്റ് തകരാറിലായത് അറിയാതെ കയറിയപ്പോഴാണ് അപകടം . രണ്ട് നില താഴ്ചയിലേക്കാണ് നദീറ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് നദീറയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റിരുന്നു.
സംഭവത്തെ തുടർന്ന് രണ്ട് ജീവനക്കാരെ ആർസിസി സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
ആര്സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് നദീറ മരിക്കാന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. നദീറയുടെ ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് നഷ്ടപരിഹാരം നല്കാന് ആര്സിസി തയാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.