കൊച്ചി
വിൽപ്പനയ്ക്കുമുന്നോടിയായി വലിയൊരു വിഭാഗം ബിപിസിഎൽ ജീവനക്കാരെ റിട്ടയർമെന്റ് മെഡിക്കൽ ബെനഫിറ്റ് സ്കീമിൽ (പിആർഎംബിഎസ്)നിന്ന് പുറത്താക്കി. 15 വർഷത്തിൽ താഴെ സർവീസുള്ള ജീവനക്കാരെ പൂർണമായി ഒഴിവാക്കി. നിശ്ചിത വിഭാഗത്തിനുമാത്രം റിട്ടയർമെന്റ് മെഡിക്കൽ സ്കീം തുടരാനാണ് മാനേജ്മെന്റ് തീരുമാനം. ജൂൺ ഒന്നുമുതൽ പുതിയ സ്കീം പ്രാബല്യത്തിലാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. പരിഷ്കരിച്ച സ്കീംപ്രകാരം കൊച്ചി റിഫൈനറിയിലെ മൂവായിരത്തഞ്ഞൂറോളം ജീവനക്കാർ വിരമിച്ചശേഷമുള്ള മെഡിക്കൽ ആനുകൂല്യത്തിന് അർഹതയില്ലാത്തവരായി മാറും.
പരിഷ്കരിച്ച സ്കീം ഓഫീസർമാർക്കും ജീവനക്കാർക്കും ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്. 25 വർഷം സർവീസുള്ള ജീവനക്കാർ കമ്പനി നിശ്ചയിക്കുന്ന തുക ഇനിമുതൽ മാസംതോറും സ്കീമിലേക്ക് നൽകണമെന്നും വിരമിക്കൽ സമയത്ത് 25 വർഷത്തെ വിഹിതമുള്ളവർക്കുമാത്രമായിരിക്കും വിരമിച്ചശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹതയെന്നും പുതിയ ഭേദഗതിയിൽ പറയുന്നു. 2007 വരെ പൂർണമായി കമ്പനിച്ചെലവിലാണ് ഈ സ്കീം നടപ്പാക്കിയിരുന്നത്. 2007നുശേഷം നിശ്ചിത വിഹിതം ജീവനക്കാരിൽനിന്ന് ഈടാക്കിയിരുന്നെങ്കിലും എല്ലാവർക്കും സ്കീമിന്റെ ഗുണം ലഭിച്ചിരുന്നു. കമ്പനിക്ക് വലിയ സാമ്പത്തികബാധ്യതയാണെന്ന ന്യായം പറഞ്ഞാണ് ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കുന്നത്.
റിഫൈനറിപോലുള്ള സ്ഥാപനങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകിയിരുന്നത്. മറ്റ് എണ്ണക്കമ്പനികളിലെല്ലാം ഈ ആനുകൂല്യം നിലനിർത്തിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ മാർഗനിർദേശങ്ങളുടെയും ദീർഘകാല കരാർ വ്യവസ്ഥകളുടെയും ഭാഗമായാണ് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നത്. ഇതാണ് ബിപിസിഎൽ മാനേജ്മെന്റ് ഏകപക്ഷീയമായി ഒരു നോട്ടീസിലൂടെ പിൻവലിച്ചത്.
ബിപിസിഎൽ വിൽപ്പനയ്ക്ക് വേഗംകൂട്ടുന്ന നടപടികളുടെ ഭാഗമായാണ് ഇതും നടപ്പാക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. തൊഴിലാളികളുടെ ശമ്പളക്കരാറിലും സ്വകാര്യമേഖലയ്ക്ക് താൽപ്പര്യമുള്ള വ്യവസ്ഥകളാണ് ചേർത്തിട്ടുള്ളത്. നേരത്തേ നിർബന്ധിത സ്വയംവിരമിക്കലും നടപ്പാക്കിയിരുന്നു. സ്വകാര്യ കമ്പനികളുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ബിപിസിഎൽ മാനേജ്മെന്റെന്നും തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു.
തൊഴിലാളികൾ
കരിദിനം ആചരിച്ചു
റിട്ടയർമെന്റ് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് റിഫൈനറിയിലെ എല്ലാ തൊഴിലാളി യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച കരിദിനം ആചരിച്ചു. തൊഴിലാളികൾ ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. റിഫൈനറി ഗേറ്റിൽ നടന്ന ധർണയിൽ എം ജി അജി, പി പ്രവീൺകുമാർ, എസ് കെ നസീമുദീൻ, ടി ആർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.