തിരുവനന്തപുരം > കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപ്പന്നം തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ ഈ വർഷം 108 യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് പദ്ധതി ചെലവിന്റെ 35 ശതമാനംവരെ സർക്കാർ ധനസഹായം നൽകും. യൂണിറ്റിന് പത്തു ലക്ഷം രൂപവരെ ലഭിക്കും. നിലവിലുള്ള ഇത്തരം വ്യവസായങ്ങൾക്കും സഹായം ലഭിക്കും.
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കാൻ ബജറ്റിൽ നാലര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കാനുള്ള ഉൽപ്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ 15 പേർക്കെങ്കിലും തൊഴിൽ ലഭിക്കും.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻതല വ്യവസായ വികസന ഓഫീസർമാരെ ബന്ധപ്പെടണം. സംരംഭകരെ സഹായിക്കാൻ എല്ലാ കേന്ദ്രങ്ങളിലും ഹാൻഡ് ഹോൾഡിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ഈ ഉൽപ്പന്നങ്ങൾ
തിരുവനന്തപുരം–-മരച്ചീനി, കൊല്ലം–-മരച്ചീനി, മറ്റു കിഴങ്ങുവർഗങ്ങൾ, പത്തനംതിട്ട–-ചക്ക, ആലപ്പുഴ, തൃശൂർ–-നെല്ലുൽപ്പന്നങ്ങൾ, കോട്ടയം, എറണാകുളം–- കൈതച്ചക്ക, ഇടുക്കി–-സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട്–-ഏത്തക്കായ, മലപ്പുറം, കോഴിക്കോട്–- തേങ്ങ, വയനാട്–- പാലും പാലുൽപ്പന്നങ്ങളും, കണ്ണൂർ–- വെളിച്ചെണ്ണ, കാസർകോട്–-ചിപ്പി.