തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സ്ഥലങ്ങളിൽ നിന്ന് (ടി.പി.ആർ.നിരക്ക് എട്ട് ശതമാനത്തിൽ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ യാത്രക്കാർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.
ഈ രണ്ട് വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ നിന്നും സമ്പൂർണ ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കൽ ആവശ്യങ്ങൾ, വിവാഹച്ചടങ്ങുകൾ, മരണാനന്തരച്ചടങ്ങുകൾ, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പോലീസ് പാസ് ആവശ്യമാണ്. സമ്പൂർണ ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേൽ പറഞ്ഞ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാൻ ബുദ്ധിമുട്ടുളളവർക്ക് ആവശ്യമായ രേഖകൾ സഹിതം വെളള പേപ്പറിൽ അപേക്ഷ തയ്യാറാക്കി നൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പരും ഉൾപ്പെടെയുളള മുഴുവൻ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആൾക്കാരുടെ പേരും വിലാസവും മൊബൈൽ നമ്പരും, വാഹനത്തിന്റെ നമ്പർ എന്നിവ ഉൾപ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിൾ ലോക്ഡൗൺ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവയിൽ അനുയോജ്യമായവ കരുതണം.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മദ്യവിൽപന പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വിൽപ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം പട്രോളിംഗ് കർശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
Content Highlights: Travel Guidelines in Kerala Lockdown Relaxation