എടച്ചേരി: നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് മണ്ണിനിടയിൽ പെട്ടയാൾ മരിച്ചു. കായക്കൊടി മയങ്ങിയിൽ കുഞ്ഞമ്മദ് (55) ആണ് മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിന്റെ വീട്ടുപറമ്പിലാണ് ഇന്ന് രാവിലെദുരന്തമുണ്ടായത്. വീടിനോട് ചേർന്ന് നിർമിച്ച പുതിയ കിണറിന്റെ പണി നടക്കുമ്പോൾ മേൽഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ഒരാളെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. ജെ.സി.ബി.ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്.
കുഞ്ഞമ്മദ് നേരത്തെ കർണാടകയിലെ ഹുബ്ലിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ആസ്യ, മക്കൾ: അസ്മർ, അർഷാദ്, ഷബാന ആസ്മി, നഹ്റ, മിൻഹ ഫാത്തിമ. സഹോദരങ്ങൾ: ഖദീജ , സഫിയ , നൗഷാദ് , നൗഫൽ , സക്കീന.