തിരുവനന്തപുരം: സ്ഥാനമാനങ്ങൾ നോക്കാതെ പാർട്ടിക്കായി പ്രവർത്തിച്ചാൽ കോൺഗ്രസിന് തിരിച്ചുവരാൻ ആകുമെന്ന് പ്രവർത്തകരോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിന്റെ പ്രതാപകാലം ഓർമ്മിപ്പിച്ചുകൊണ്ടാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്.
പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20ൽ 19 സീറ്റും നേടിയില്ലേ. ഇന്ന് കരുത്തുള്ള മുന്നണിയെന്ന് അവകാശപ്പെടുന്ന എൽഡിഎഫിന് അന്ന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ അന്നാരെങ്കിലും പറഞ്ഞോ ഇടതുപക്ഷം തകർന്നുപോയെന്ന്. ഇല്ല, കാരണം ജനാധിപത്യ സംവിധാനത്തിൽ ഇതെല്ലാം സ്വാഭാവികമാണ്. ചെറിയൊരു മാർജ്ജിന്റെ വ്യത്യാസത്തിൽ ഇവിടെ നിന്നു തിരിച്ചുവരാൻ നമ്മൾക്ക് എന്താണ് പ്രയാസം. നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ലേ നിങ്ങൾക്ക് ആത്മധൈര്യം ഇല്ലേ തിരിച്ചുവരുമെന്ന് നിങ്ങൾക്ക് പ്രതീക്ഷയില്ലേ. ആ പ്രതീക്ഷയുണ്ടെങ്കിൽ കർമ്മത്തിന്റെ പാതയിലേക്ക് അഞ്ച് വർഷം കടന്നു പോകാൻ നിങ്ങൾക്ക് സാധിക്കുമോ.
അധികാരത്തിന്റെ പുറകെ, സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പാർട്ടിയെ പ്രാദേശിക തലങ്ങളിൽ കരുപിടിപ്പിക്കാൻ,പ്രസ്ഥാനത്തിന് കരുത്തുപകരാൻ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഒരു സന്മനസ് ഈ പാർട്ടിയ്ക്ക് വേണ്ടി ഏറ്റെടുക്കാൻ നിങ്ങൾക്ക് ഉണ്ടോ. എങ്കിൽ നമ്മൾക്ക് വിജയവും ഉണ്ട്. ഈ പാർട്ടിയെ തിരികെ കൊണ്ടുവരാൻ നമ്മൾക്ക് സാധിക്കും.
പുതിയ നേതൃത്വത്തിന്റെ മുന്നിൽ ഒരുപാട് പരിപാടികളും പദ്ധതികളും ചർച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാർഗങ്ങൾ കൈകൊള്ളും. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം. അതൊരു പ്രതിജ്ഞയാണ്.സുധാകരൻ വ്യക്തമാക്കി.
Content Highlight: KPCC President K Sudhakaran speech