റിയോ ഡി ജനീറോ > കോപയിലും അർജന്റീനയ്ക്ക് സമനിലപ്പൂട്ട്. ലയണൽ മെസിയുടെ മിന്നുന്ന പ്രകടനത്തിന് സഹതാരങ്ങളുടെ പിന്തുണ കുറഞ്ഞപ്പോൾ ചിലിയുമായി 1–-1നാണ് അർജന്റീന കളി അവസാനിപ്പിച്ചത്.
2018 ലോകകപ്പിനുശേഷം ഏറെക്കുറെ നിശബ്ദമായ മെസിയുടെ ബൂട്ടുകൾ അതിന്റെ തെളിച്ചം വീണ്ടെടുക്കുകയായിരുന്നു റിയോ ഡി ജനീറോയിൽ. കളിയുടെ 33–-ാം മിനിറ്റിൽ, 25 മീറ്റർ അകലെവച്ച് മെസി തൊടുത്ത ഫ്രീകിക്ക് മനോഹരമായാണ് ചിലി വലയിലേക്ക് വളഞ്ഞുകയറിത്.
കളിയിൽ ഏഴോളം ഗോളവസരങ്ങളും ഈ ബാഴ്സലോണ താരം സൃഷ്ടിച്ചു. പക്ഷേ, കൂട്ടുകാർ തുണച്ചില്ല. നിക്കോളാസ് ഗൊൺസാലെസും ലൗതാരോ മാർട്ടിനെസും അവസരങ്ങൾ തുലയ്ക്കുകയായിരുന്നു. മാർട്ടിനെസ് ആദ്യഘട്ടത്തിൽ ഗോൾ കീപ്പർമാത്രം മുന്നിൽനിൽക്കെ രണ്ടുതവണ പന്ത് പുറത്തേക്കടിച്ചു. ഗൊൺസാലെസിന്റെ ഫ്രീ ഹെഡറും പുറത്തേക്കാണ് പോയത്.
2018നുശേഷം അർജന്റീനയ്ക്കായി മെസി നേടിയ ഗോളുകളെല്ലാം പെനൽറ്റിയിലൂടെയായിരുന്നു. ചിലിക്കെതിരെ ആ കെട്ട് മുപ്പത്തിമൂന്നുകാരൻ പൊട്ടിച്ചു. ഇടംകാലിൽനിന്നുള്ള മനോഹര കിക്ക് വളഞ്ഞിറങ്ങിയപ്പോൾ ചിലി ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോയുടെ മുഴുനീള ചാട്ടത്തിനും തടയാനായില്ല. പക്ഷേ, രണ്ടാംപകുതിയുടെ പതിമൂന്നാം മിനിറ്റിൽത്തന്നെ ചിലി തിരിച്ചടിച്ചതോടെ മെസിയുടെ പോരാട്ടം വെറുതെയായി. സമനിലയുമായി തിരികെ കയറേണ്ടിവന്നു.
‘മത്സരം ഞങ്ങൾക്ക് കടുപ്പമായിരുന്നു. ജയിച്ചുതുടങ്ങാനാണ് ഇറങ്ങിയത്. അൽപ്പംകൂടി ക്ഷമയോടെ, പന്തിൽ നിയന്ത്രണം ഉറപ്പിച്ച് പിന്നെ വേഗത്തിൽ കളിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഉറുഗ്വേയ്ക്കെതിരായ അടുത്ത മത്സരവും കടുത്തതായിരിക്കും–- മത്സരശേഷം മെസി പറഞ്ഞു.
അർജന്റീനയ്ക്കുവേണ്ടി 73 ഗോളായി മെസിക്ക്. പ്രധാന മത്സരങ്ങളിൽ 39 ഗോളായി. ഈ നേട്ടത്തിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്നു. ലോകകപ്പിൽ ആറും കോപയിൽ 10ഉം യോഗ്യതാ മത്സരങ്ങളിൽ 23ഉം ഗോളാണ് മെസിക്ക്.
ഫ്രീകിക്കിലും റെക്കോഡുണ്ട്. നിലവിൽ കളിക്കുന്നവരിൽ 57 ഫ്രീകിക്ക് ഗോളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു. ദ്യേഗോ മാറഡോണയുടെ നേട്ടം മറികടക്കാൻ അഞ്ചെണ്ണംകൂടി വേണം.
പരിശീലകൻ ലയണൽ സ്കലോണിക്കുകീഴിൽ തോൽവിയറിയാതെ 14 മത്സരവും അർജന്റീന പൂർത്തിയാക്കി. 2019 കോപ സെമിയിൽ ബ്രസീലിനോടാണ് അവസാനമായി തോറ്റത്. അവസാന മൂന്ന് മത്സരങ്ങളും സമനിലയായി. ചിലിയോട് ലോകകപ്പ് യോഗ്യതയിലും സമനിലയായിരുന്നു.