എങ്ങനെയാണ് ഈ മുതലയ്ക്ക് ഒസാമ ബിൻ ലാദൻ എന്ന പേര് വന്നത് എന്ന കാര്യം അജ്ഞാതമാണ്. 16 അടി നീളമുള്ള ഒസാമ മുതല ഇതുവരെ അകത്താക്കിയത് 80 മനുഷ്യരെ എന്നാണ് കണക്ക്. നദീ തീരത്തുള്ള ലുഗങ്ങ എന്ന ഗ്രാമത്തിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്നവരാണ് ഒസാമ മുതലയുടെ ഇരകൾ. 1991 മുതൽ 2005 വരെയുള്ള കാലഘട്ടത്തിലാണ് ഒസാമ മുതല സംഹാരതാണ്ഡവം ആടിയത് എന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
പുഴക്കരയിൽ വെള്ളം ശേഖരിക്കാനെത്തിയ കുട്ടികളെ ആയിരുന്നു ഒസാമ മുതലയുടെ ആദ്യ ഇരകൾ. പിന്നീട് നദിയിൽ മത്സബന്ധനത്തിന് പോകുന്നവരെയും ആക്രമിക്കാൻ തുടങ്ങി. ഇത്തരത്തിൽ മത്സ്യബന്ധനത്തിന് പോയതാണ് ഒരിക്കൽ സഹോദരങ്ങളായ പോളും പീറ്ററും. പോൾ വഞ്ചി തുഴയുമ്പോൾ മറുഭാഗത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു പീറ്റർ. വള്ളത്തിൽ നിന്നും കുതിച്ചെത്തിയ ഒസാമ മുതല പീറ്ററിനെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ഒപ്പം പീറ്ററിന്റെ കാലിൽ കടിച്ച ഒസാമ മുതല യുവാവിനെയും പുഴയുടെ അകത്തേക്ക് വലിഞ്ഞു. പോളിന് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുളളൂ. പീറ്ററിന്റെ തലയും ചില ശരീഭാഗങ്ങളും പിന്നീട് അല്പം ദൂരെയായി പുഴവക്കിൽ നിന്നും കണ്ടെത്തി എന്ന് ദി സിഡ്നി മോർണിംഗ് ഹെറാൾഡിനോട് പോൾ പറഞ്ഞു.
സഹികെട്ട് ഒടുവിൽ അൻപതോളം നാട്ടുകാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ശ്രമത്തിന്റെ ഫലമായി ഒസാമ മുതലയെ 2005ൽ പിടിച്ചു. ഏഴ് ദിനരാത്രങ്ങൾ നീണ്ടതായിരുന്നു ഈ ഉദ്യമം. പിന്നീട് ഈ മുതലയെ ഉഗാണ്ട ക്രോക്സ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തു. മുതലയുടെ തൊലി ഉപയോഗിച്ച് ബാഗുകളും മറ്റും നിർമ്മിച്ച് ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും കയറ്റി അയക്കുന്ന സ്ഥാപനമാണ് ഉഗാണ്ട ക്രോക്സ്. ഇപ്പോഴും കമ്പനിയുടെ സ്വകാര്യ ഇടത്ത് ഒസാമ മുതല ജീവനോടെയുണ്ട് എന്നാണ് വിവരം.