ഒമ്പതു വയസുകാരി പീഡനത്തിന് ഇരയായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡനത്തിന് ശേഷം രക്തസ്രാവം ഉണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ശുചിമുറിയിലെ ടൈലുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് രക്തക്കറ കണ്ടെത്തിയത്.
2020 ജനുവരിയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി പോലീസിന് പരാതി ലഭിക്കുന്നത്. തുടക്കത്തിൽ പാനൂർ പോലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം ആരംഭിച്ചതോടെ പത്മരാജൻ ഒളിവിൽ പോയി. പത്മരാജനെ അറസ്റ്റ് ചെയ്യാൻ വൈകിയത് വിമർശനങ്ങൾക്ക് ഇടയാക്കി. പിന്നീട് പത്മരാജനെ പിടികൂടിയെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. പെൺകുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും പോലീസ് പറഞ്ഞു.
സർക്കാരിന്റെ നിർദ്ദേശപ്രകാരം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. കുട്ടി പറഞ്ഞത് വിശ്വാസയോഗ്യമല്ലെന്നാണ് രണ്ടാമത്തെ അന്വേഷണ സംഘവും ആവർത്തിച്ചത്. ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൂന്നാമതൊരു സംഘം അന്വേഷണം നടത്തിയത്. ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിലാണ് മൂന്നാമത് അന്വേഷണം നടന്നത്. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്ത അന്വേഷണ സംഘം കേസ് ആദ്യം മുതൽ അന്വേഷിച്ചു. ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പീഡനം നടന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചത്.