പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തേത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. 90 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നരമാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.
കൊല്ലം, പത്തനാപുരത്ത് സ്ഫോടക വസ്തു കണ്ടെത്തിയ സാഹചര്യത്തിൽ വനംവകുപ്പ് വനാതിർത്തിയിൽ പരിശോധന ശക്തമാക്കിയുരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വനംമേഖലയിൽ വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
നേരത്തെ കഴിഞ്ഞ ദിവസം പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിൻതോട്ടത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ജെലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Content Highlights:Materials to make explosive found in Pathanamthitta, konni