ന്യൂഡൽഹി> കേരളത്തില് ബിജെപിക്കേറ്റ തിരഞ്ഞെടുപ്പ് തിരിച്ചടിയും മറ്റ് കോഴ ആരോപണമടക്കം അന്വേഷിച്ച് റിപ്പോര്ട്ട് നല്കിയെന്ന് വീണ്ടും സി വി ആനന്ദബോസ് വ്യക്തമാക്കി. പാര്ട്ടിയല്ല, ഉത്തരവാദിത്തപ്പെട്ട ചിലര് ആവശ്യപ്പെട്ടത് അനുസരിച്ച് റിപ്പോര്ട്ട് നല്കിയെന്നാണ് ആനന്ദബോസിന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് റിപ്പോർട്ട് നൽകിയതെന്നും സി വി ആനന്ദബോസ് പരോക്ഷോയി സൂചിപ്പിച്ചു.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഒരുസംഘത്തെയും കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടില്ലെന്ന ബി ജെ പി ദേശീയ ജനറൽസെക്രട്ടറി അരുൺസിങിന്റെ പ്രസതാവനക്ക് പിറകെയാണ് ആനന്ദബോസിന്റെ പ്രതികരണം. ഉത്തരവാദപ്പെട്ടവർ റിപ്പോർട്ട് ആവശ്യപ്പെട്ടു . അത് അവർക്ക് നൽകിയെന്നാണ് ആനന്ദബോസിന്റെ പ്രതികരണം
തിരഞ്ഞെടുപ്പ് തിരിച്ചടി, ഫണ്ട് വിനിയോഗം എന്നിവ സ്വതന്ത്രമായി അന്വേഷിക്കാന് മെട്രോമാന് ഇ ശ്രീധരനെയും സി.വി. ആനന്ദ ബോസിനെയും ജേക്കബ് തോമസിനെയും ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയെന്ന് വാര്ത്ത പുറത്തുവന്നിരുന്നു.
അതേസമയം ആനന്ദബോസിനെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരനും രംഗത്തെത്തി. ആനന്ദബോസിന് ബിജെപിയിൽ ചുമതലകളില്ലെന്നും അത്തരം റിപ്പോർട്ട് ആർക്കും കൈമാറിയിട്ടില്ലെന്നുമാണ് മുരളീധരന്റെ വിശദീകരണം. അതിൽ സംശയം ഉണ്ടെങ്കിൽ ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയോട് ചോദിക്കുവാനും നിർദ്ദേശിച്ചു. നേരത്തെ കെ സുരേന്ദ്രനും ഈ വാദം ആവർത്തിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പരാജയവും കുഴൽപ്പണ, കോഴ വിവാദങ്ങളും നാണക്കെടുത്തിയോടെ കേരളത്തില് ബിജെപിയുടെ സംഘടന തല അഴിച്ചുപണിക്കുള്ള സാധ്യത പരിശോധിക്കണമെന്ന് സി വി ആനന്ദബോസ് നല്കിയ റിപ്പോർട്ടിലുള്ളതായി പറയുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ആനന്ദബോസ് നൽകിയ റിപ്പോർട്ടിലുള്ളത്. ബിജെപിയാകെ ഗ്രൂപ്പ് പിടിയിൽ ആയതിനാലാണ് പാർടിക്ക് പുറത്തുള്ളവരെവച്ച് കേന്ദ്രനേതൃത്വം അന്വേഷിച്ചത്.