കോഴിക്കോട്: മുട്ടിൽ മരം മുറിക്കേസിൽ ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാട്ടപ്പെടുമെന്ന പേടികൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത് പേടികൊണ്ടാണെന്നും വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിസ്ഥിതി സ്നേഹികളായ ഇടതു നേതാക്കളെല്ലാം മൗനത്തിലാണ്. കൽപറ്റ എം.എൽ.എ ആയ ശശീന്ദ്രൻ വലിയ പ്രകൃതി സ്നേഹിയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വന്തം ജില്ലയിൽ നടന്ന ഇത്രയും വലിയ കൊള്ളയെ കുറിച്ച് അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ആദിവാസികളോടും കർഷകരോടും കാട്ടിയുള്ള ഇത്രയും വലിയ വഞ്ചനയെ കുറിച്ച് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.