ഓച്ചിറ : ഏറെ ആദരവോടെയാണ് സി.ആർ.മഹേഷ് എം.എൽ.എ. പാവുമ്പ മറ്റത്തുവീട്ടിൽ ഭവാനിയുടെ (85) സ്വർണാഭരണങ്ങൾ മകൻ ഉദയന്റെ കൈയിൽനിന്ന് ഏറ്റുവാങ്ങിയത്. മരണത്തിനുമുൻപ് അവസാനത്തെ ആഗ്രഹമെന്നനിലയിൽ തന്റെ സ്വർണാഭരണങ്ങൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സി.ആർ.മഹേഷിനെ ഏൽപ്പിക്കണമെന്ന് ഭവാനി മക്കളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 22-നാണ് ഭവാനി കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ജോഡി കമ്മലും ഒരു വളയുമടക്കം ഒന്നരപ്പവൻ വരുന്ന സ്വർണാഭരണങ്ങൾ അവർ മക്കളെ ഏൽപ്പിച്ചു. സ്വർണം വിറ്റുകിട്ടുന്ന തുക മഹേഷിന്റെ കോവിഡ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും നിർദേശിച്ചു. അമ്മയുടെ ആഗ്രഹം മക്കൾ അറിയിച്ചതിനെ തുടർന്ന് മഹേഷ് ഞായറാഴ്ച പാവുമ്പയിലെത്തി സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങി.
സേവാദൾ ജില്ലാ വൈസ് ചെയർമാൻ സുനിൽ നമ്പ്യാർ, മണ്ഡലം പ്രസിഡന്റ് തഴവ ബിജു, മണ്ഡലം സെക്രട്ടറിമാരായ വിനോദ്, സുഗരാജൻ, ദീപ, ശിവാനന്ദൻ എന്നിവർ സന്നിഹതരായിരുന്നു.