പാലക്കാട്: പാലക്കാട് നെന്മാറയിൽ യുവാവ് പ്രണയിനിയെ പത്ത് വർഷം ഒരു മുറിയിൽ രഹസ്യമായി പാർപ്പിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോർട്ട്. വനിതാ കമ്മീഷന് റിപ്പോർട്ട് കൈമാറി.
സജിതയും റഹ്മാനും ഒരു മുറിയിൽ താമസിച്ചതിന്റെ സാഹചര്യത്തെളിവുകൾ പോലീസ് ശേഖരിച്ചിരുന്നു. മുറിയിൽ കഴിഞ്ഞതിന്റെ വിശദാംശങ്ങൾ സജിത പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാഹചര്യം പോലീസിന് വ്യക്തമായി. അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മറ്റ് സ്ഥലത്ത് താമസിച്ചതിന്റെ തെളിവുകളില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ സജിത റഹ്മാന്റെ മുറിയിൽ ഇത്രയുംകാലം താമസിക്കാനിടയില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കൾ പറയുന്നത്.
അതേസമയം വനിതാ കമ്മീഷൻ ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പത്ത് വർഷം ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ടെന്നാണ് വനിതാ കമ്മീഷൻ വിലയിരുത്തുന്നത്. ആ പശ്ചാത്തലത്തിലാണ് വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സജിതയും റഹ്മാനും താമസിച്ചിരുന്ന വീട്ടിലെത്തിയാണ് തെളിവെടുപ്പും മൊഴിയെടുക്കുകയും ചെയ്യുന്നത്.