കോഴിക്കോട്
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി സമരത്തിനിറങ്ങുന്നതിൽ സംഘപരിവാറിനും അതൃപ്തി. കുഴൽപ്പണ–-കോഴ ആരോപണങ്ങളെ ന്യായീകരിച്ച് ബിജെപി കോർകമ്മിറ്റി അംഗങ്ങളെയടക്കം തെരുവിലിറക്കുന്നതിനോടാണ് ആർഎസ്എസ് വിയോജിപ്പ്. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ മുഖേന ആർഎസ്എസ് നേതാക്കൾ നീരസം അറിയിച്ചു. സുരേന്ദ്രനെ വേട്ടയാടുന്നു എന്നാരോപിച്ചുള്ള സമരത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ പ്രസ്ഥാനം കൂടുതൽ അപഹാസ്യമാവുമെന്നാണ് സംഘപരിവാറിന്റെ വിലയിരുത്തൽ. ബുധനാഴ്ച തിരുവനന്തപുരത്താണ് സമരം.
തെരഞ്ഞെടുപ്പ് ഫണ്ട്, എൻഡിഎ ഘടകകക്ഷികളുടെ കോഴ ആരോപണം, കുഴൽപ്പണക്കവർച്ച ഇവയിലെല്ലാം ആർഎസ്എസ് നേതൃത്വം അസ്വസ്ഥമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയംമുതൽ ഒരു കാര്യത്തിലും ആർഎസ്എസിനെ അടുപ്പിച്ചില്ലെന്നത് പ്രതിഷേധം ശക്തമാക്കി. വി മുരളീധരപക്ഷത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളുടെ ഫലം അവർതന്നെ അനുഭവിക്കട്ടെയെന്നാണ് ആർഎസ്എസിലെ പ്രധാനികളുടെ നിലപാട്.
തെരഞ്ഞെടുപ്പ് കാലത്തെ കലഹവും വിട്ടുനിൽക്കലും ആർഎസ്എസ് കേന്ദ്രനേതൃത്വ നിർദേശപ്രകാരമാണ് മാറ്റിവെച്ചത്. കെ സുരേന്ദ്രൻ സ്വയംവരുത്തിവെച്ച പാപഭാരം പ്രസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ആർഎസ്എസിന്റെ ഇപ്പോഴത്തെ നിലപാട്. കളങ്കിത വ്യക്തിത്വങ്ങളെ മാറ്റിനിർത്തുന്ന പാരമ്പര്യം പിന്തുടർന്നില്ലെങ്കിൽ നേതാക്കളുണ്ടാകും പാർടിയുണ്ടാകില്ലെന്ന സന്ദേശവും ഇവർ കൈമാറി.
അപക്വ നേതൃത്വമെന്ന് വിമർശം ; രോഷത്തിൽ ആർഎസ്എസ്
കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും നേതൃത്വത്തിൽ ബിജെപിക്ക് നാണക്കേടുണ്ടാക്കിയതിൽ ആർഎസ്എസ് രോഷത്തിൽ. നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് വിലയിരുത്തൽ. അപക്വ നേതൃത്വം എന്നാണ് സുരേന്ദ്രനെ ആർഎസ്എസ് നേതാക്കൾ വിശേഷിപ്പിച്ചത്. ജൂൺ 30ലെ ആർഎസ്എസ് ബൈഠക്കിൽ ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകളുടെ ഭാരവാഹികളെ സംബന്ധിച്ച് ചർച്ചയുണ്ടാകും. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ മറ്റു ചുമതലകളിലേക്ക് മാറ്റാം. പോരടിക്കുന്ന രണ്ടു ഗ്രൂപ്പിനിടയിൽ ആർഎസ്എസിന് താൽപ്പര്യമുള്ളവരുടെ ഗ്രൂപ്പുണ്ടാക്കി പാർടി പിടിക്കാനാണ് ശ്രമമെന്ന് റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിനിടയിലും കൊടകര സംഭവത്തിൽ ആർഎസ്എസിലെ ചിലരുടെ പേരും വാർത്തയിൽ ഇടംപിടിച്ചിരുന്നു. ചിലർ തങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നുവെന്നാണ് ആർഎസ്എസ് നേതാക്കൾ കരുതുന്നത്. കേന്ദ്ര നേതൃത്വത്തിന് ആദ്യം നൽകിയ വിശദീകരണത്തിൽ പല സ്ഥാനാർഥികളെയും നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. തോൽവിക്ക് ഇതും കാരണമായതായി അറിയിച്ചു. നരേന്ദ്ര മോഡിയുടെ നിർദേശപ്രകാരം സി വി ആനന്ദബോസ് നൽകിയ റിപ്പോർട്ടിലും നേതൃത്വത്തിന്റെ അപക്വമായ ഇടപെടൽ സൂചിപ്പിക്കുന്നു. പാർടിയിലെ പ്രശ്നം പഠിക്കാൻ ആരെയും ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ് വാർത്താകുറിപ്പിൽ അറിയിച്ചു.