തൃശ്ശൂർ: രാത്രിയിൽ മൺസൂൺ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ട്രാക്ക്മാൻമാരെ പിന്നിലൂടെ എത്തിയ എൻജിൻ ഇടിച്ചു. ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നെടുപുഴ അർബത്ത് കോളനിയിലെഹർഷ കുമാർ(40) ആണ് മരിച്ചത്.ഒല്ലൂർ സ്വദേശി വിനീഷ് (33) ആണ് പരിക്കേറ്റ ചികിത്സയിലുള്ളത്.തിങ്കളാഴ്ച രാത്രി 8.15 ഓടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച തുടങ്ങിയ മൺസൂൺ കാല രാത്രി പട്രോളിങ് ഡ്യൂട്ടിയിലയായിരുന്നു ഹർഷനും വിനീഷും. സ്റ്റേഷന്റെ തെക്കുഭാഗത്തെ മിഠായി ഗേറ്റ് മുതൽ പൂങ്കുന്നം സ്റ്റേഷൻ വരെയാണ് ഇവരുടെ ഡ്യൂട്ടി. മിഠായി ഗേറ്റിൽ നിന്നും വടക്കോട്ട് വലതുവശത്തെ ട്രാക്കിലൂടെ ഇവർ നടന്നു വരുമ്പോവാണ് സ്റ്റേഷനിൽ നിന്നും രാജധാനി എക്സ്പ്രസ് ഒല്ലൂർ ഭാഗത്തേക്ക് പുറപ്പെട്ടത്.ഇതുകണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറിയപ്പോഴാണ് ഒല്ലൂർ ഭാഗത്തു നിന്നും വന്ന എൻജിൻ ഇടിച്ചത്.
മഴയുള്ളതിനാൽ പിന്നിലൂടെ എൻജിൻ വന്ന വിവരം അറിഞ്ഞില്ല. ഇടിച്ച എൻജിൻ ഹോൺ മുഴക്കിയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് കരുതുന്നു. രാജധാനിയുടെ വെളിച്ചത്തിൽ പിന്നിലൂടെ വന്ന എൻജിന്റെ വെളിച്ചം ഇരുവരുടേയും ശ്രദ്ധയിൽ പെട്ടില്ലെന്നും ആർ.പി.എഫ്. കരുതുന്നു.
ഹർഷൻ ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. എൻജിന്റെലോക്കോപൈലറ്റ് നൽകിയ വിവരത്തെ തുടർന്നാണ് സ്റ്റേഷനിൽ നിന്നും ആർ.പി.എഫ്. ഉദ്യോഗസ്ഥരും മറ്റ് റെയിൽവേ ജീവനക്കാരും ഓടിയെത്തിയതും പരിക്കേറ്റ വിനീഷിനെ ആശുപത്രിയിലാക്കിയതും.ഇടിയുടെ ആഘാതത്തിൽഹർഷന്റെ ശരീരം ഛിന്നഭിന്നമായിരുന്നു.
ട്രാക്ക് മാൻമാർക്ക് ഏതൊക്കെ തീവണ്ടികൾ എപ്പോഴൊക്കെ വരുന്നു എന്നറിയാൻ നിലവിൽ സംവിധാനം ഇല്ല. തീവണ്ടി വരുന്നത് കണ്ട് ഒഴിഞ്ഞുമാറി ട്രാക്ക് ഡ്യൂട്ടി ചെയ്യുകയേ നിവൃത്തിയുള്ളൂ.